Advertisment

മുൻ സന്തോഷ് ട്രോഫി താരം ജനസേവ ശിശുഭവനിലെ ബിബിന്‍ അജയൻ്റെ സ്വപ്നഭവനത്തിന് നെടുമ്പാശ്ശേരിയിൽ ശിലാസ്ഥാപനം നടത്തി

New Update
foundation stone for home

മുൻ സന്തോഷ് ട്രോഫി താരം ജനസേവ ശിശുഭവനിലെ ബിബിൻ അജയന് നെടുമ്പാശ്ശേരിയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി നിർവഹിക്കുന്നു. ജനസേവ പ്രസിഡണ്ട് അഡ്വ. ചാർളി പോൾ, ബിബിൻ അജയൻ, രോഹിത ബിബിൻ തുടങ്ങിയവർ സമീപം.

കൊച്ചി: ജനസേവ ശിശുഭവൻ്റെ അഭിമാനമായ മുൻ സന്തോഷ് ട്രോഫി താരം ബിബിന്‍ അജയന് നെടുമ്പാശ്ശേരിയിൽ വീടൊരുങ്ങുന്നു. ബിബിന്റെ സ്വപ്നഭവനത്തിൻ്റെ ശിലാസ്ഥാപനം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി നിർവഹിച്ചു. 

Advertisment

ജനസേവ ശിശുഭവൻ പ്രസിഡൻറ് അഡ്വ. ചാർളി പോൾ,ബിബിൻ അജയന്റെ പത്നി രോഹിത, രോഹിതയുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2022-ലെ സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടി കേരള ടീമിനെ വിജയത്തിലേക്ക് നയിച്ച ബിബിൻ അജയന് ഭവനം നിർമ്മിച്ചു നൽകുവാൻ താല്പര്യപ്പെട്ട് അന്ന് പലരും മുന്നോട്ടു വന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.

എന്നാൽ  ജനസേവ ശിശു ഭവൻ ബിബിന്  സമ്മാനമായി നൽകിയ നെടുമ്പാശ്ശേരി വില്ലേജിൽ മേയ്ക്കാടുള്ള 7 സെൻ്റ് സ്ഥലത്ത് ഭവന നിർമ്മാണത്തിന്  സഹായിക്കാമെന്ന് പറഞ്ഞ സ്പോൺസർമാരെ രണ്ടുവർഷത്തോളം കാത്തിരുന്നിട്ടും ഫലം കാണാത്തതിനാൽ ബാങ്ക് വായ്പ എടുത്താണ് ഭവന നിർമ്മാണം നടത്തുന്നത്.

സന്മനസ്സുള്ളവർ ഭവന നിർമ്മാണത്തിൽ ബിബിൻ അജയനെ നേരിട്ട് സഹായിക്കണമെന്ന് ജോസ്മാവേലി അഭ്യർത്ഥിച്ചു. ബിബിൻ ഇപ്പോൾ ഗോകുലം ഫുട്ബോൾക്ലബ്ബിൽ പ്രൊഫഷണൽ പ്ലെയറാണ്.  

2008 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്‌ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും. 

സ്‌കൂള്‍തലം തുടങ്ങി ഫുട്‌ബോളിനെ സ്‌നേഹിച്ച ബിബിന്‍ ഒന്നിലധികം തവണ ജില്ലാ സബ്ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും, സംസ്ഥാന ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്.

2006 ല്‍ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. ജനസേവയുടെ തണലില്‍ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും, ആലുവ യൂ.സി. കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Advertisment