മാള: ക്ഷീര കർഷക മേഖലയെ കൈ പിടിച്ചുയർത്താനും കർഷകരുടെ ഉന്നമനത്തിനുമായി മാള ബിലീവേഴ്സ് ചർച്ച് ഹോസ്‌പിറ്റൽ കോംപൗണ്ടിൽ 400 പേർക്ക് ഇരിക്കാവുന്ന സജ്ജീകരണങ്ങളോടെ എം എ കഫേ റെസ്റ്റോറന്റ് ആരംഭിച്ചു.
ഇവിടെയെത്തുന്ന ഡ്രൈവർമാർക്കും ക്ഷീര കർഷകർക്കും 40രൂപക്കും 75 വയസിനു മുകളിലുള്ളവർക്ക് 25രൂപക്കും മറ്റുആളുകൾക്ക് 60രൂപക്കും ഊണും മീൻ കറിയും ലഭ്യമാകും. മറ്റു ഭക്ഷണ സാധനങ്ങളും ഗുണമേന്മയോടെ കുറഞ്ഞ ചിലവിൽ ഇവിടെ ലഭ്യമാകും.
ട്വൻ്റി 20 പാർട്ടി സഹകരണത്തോടെ ആരംഭിച്ച റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ റവ. ഫാ.ജോസ് മാളിയേക്കൽ, മാള മുസ്ലിം പള്ളി അസിസ്റ്റന്റ് ഇമാം അബൂബക്കർ, ഹൈന്ദവ പൂജാരി രഘു വലിയവീട്ടിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
ട്വൻറി20 പാർട്ടി അങ്കമാലി - കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. ട്വൻ്റി 20 സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോസഫ് മുഖ്യാതിഥിയായി. കോർഡിനേറ്റർ ജോയ് ചേര്യേ ക്കര പദ്ധതി വിശദീകരണം നടത്തി. കൈപ്പമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ഹരിശങ്കർ പുല്ലാനി , ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സണ്ണി ഡേവിസ്, രഘു വലിയ വീട്ടിൽ, അബ്‌ദുൾ റഹ്‌മാൻ,സേവ്യർ പള്ളിപ്പാട്ട്,ലിസി ഡേവിസ് എന്നിവർ സംസാരിച്ചു.