കിഴക്കമ്പലം: പ്രസംഗം ആശയപരമായ ഒരു യുദ്ധമാണെന്ന് പ്രസംഗ പരിശീലകനായ അഡ്വ. ചാർളി പോൾ പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്തിലെ ട്വൻ്റി 20 പാർട്ടി പ്രവർത്തകർക്കായി നടത്തിയ പ്രസംഗ പരിശീലന ക്യാമ്പിൽ ക്ലാസെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/06/24/20-20-party-speech-practice-2025-06-24-20-28-37.jpg)
ചിന്തയുടെ ഫലമായി മനസ്സിൽ രൂപം കൊള്ളുന്ന ആശയങ്ങളെ വികാരത്തിൻ്റെ ഭാവം നൽകി വാക്കുകളും ആംഗ്യങ്ങളും വഴി പ്രകാശിതമാക്കുന്ന കലയാണ് പ്രസംഗം. "യുക്തി ബോധത്തിന് തീപിടിച്ചാൽ അതാണ് പ്രസംഗം" എന്നും പ്രസംഗകല യെ നിർവചിക്കാറുണ്ട്.
ഉയിരെടുത്ത ചിന്തകളും അഗ്നിനിറച്ച പദങ്ങളും ശ്രദ്ധാപൂർവം കോർത്തിണക്കിയാൽ ഉജ്ജ്വലപ്രസംഗം പിറവി കൊള്ളും. ലാളിത്യം, യുക്തിയുക്തത, ചമൽക്കാരം, ബോധവൽക്കരണം എന്നിവ പ്രസംഗത്തിൻ്റെ മുഖമുദ്രകളാകണം.
മനസ്സിൻ്റെ നിറവിൽ നിന്ന് അധരങ്ങൾ സംസാരിക്കണം. അറിവാണ് പ്രസംഗകന്റെ ഏറ്റവും വലിയ സമ്പാദ്യം. വിജ്ഞാനം നൽകുക, ചിന്തിപ്പിക്കുക, വികാരം കൊള്ളിക്കുക, ആഹ്ലാദിപ്പിക്കുക, ഉൾക്കാഴ്ച നൽകുക, കർമ്മോന്മുഖരാക്കുക എന്നിവയാണ് പ്രസംഗത്തിൽ ലക്ഷ്യങ്ങൾ.
/filters:format(webp)/sathyam/media/media_files/2025/06/24/20-20-party-speech-practice-2025-06-24-20-28-55.jpg)
ജനങ്ങളെ വസ്തു സ്ഥിതികളെക്കുറിച്ച് ബോധ്യപ്പെടുത്തി,മുൻവിധികൾ തിരുത്തി, വികാരഭരിതരും കർമ്മോത്സുകരുമാക്കുകയാണ് ചെയ്യേണ്ടത്. പ്രസംഗം ഒരു ഹൃദയസംവാദമാണ്. അത് പ്രേരണയുടെ കലയുമാണ്.
ചിന്തയാണ് പ്രസംഗത്തിന്റെ ആത്മാവ്. വാക്യങ്ങളാണ് പ്രസംഗത്തിന്റെ ശരീരം. അംഗചലനങ്ങൾ ആണ് പ്രസംഗത്തിന് ജീവൻ നൽകുന്നത്. പ്രസംഗകൻ്റെ വാക്കുകൾ ശരത്തേ പോലെയാണ്.
ലക്ഷ്യത്തിൽ കൊള്ളുന്ന മൂർച്ചയുള്ള പ്രയോഗങ്ങളും മുനയുള്ള യുക്തികളും പ്രസംഗത്തിന്റെ പ്രാണനാണ്. യുക്തിയുടെ പിൻബലം കൂടി ലഭിക്കുമ്പോൾ പ്രസംഗം മനോഹരമാകും. ചാർളി പോൾ തുടർന്നു പറഞ്ഞു.
കിഴക്കമ്പലം പാർട്ടി സെൻ്ററിൽ നടന്ന പരിശീലന പരിപാടി ട്വൻ്റി 20 സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേഫ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജന. സെക്രട്ടറി ജിൻ്റോ ജോർജ്, ഭാരവാഹികളായ ഡോ. ജോർജ് പോൾ,അജിത് എസ് പനക്കൽ, സജി ഏലിയാസ്, വി.ജി പ്രതീഷ്കുമാർ, കുന്നത്തുനാട് പഞ്ചായത്ത് മെമ്പർമാരായ എയ്ബി വർഗ്ഗീസ്, പ്രീത രാജു, പി.എൻ അനുപമ, പി.റ്റി വിജി, സി.റ്റി സുരേഷ്, ഐ എൻ പ്രസന്ന, ലൈജി യോഹന്നാൻ, ലാവിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.