കുട്ടികളെ മെരുക്കരുത്; ഇണക്കി വളർത്തുക - അഡ്വ ചാർളി പോൾ

സ്നേഹാനുഭവങ്ങൾ, സ്നേഹ സ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, പരിഗണിക്കൽ, അഭിനന്ദിക്കൽ എന്നീ പോസിറ്റീവ് മാർഗ്ഗങ്ങൾ കുട്ടികളെ ഉത്തമ പൗരന്മാരാക്കും.

New Update
positive parenting-6

അങ്കമാലി: കുട്ടികളെ മെരുക്കാതെ ഇണക്കിയാണ് വളർത്തേണ്ടതെന്ന് ട്രെയ്നറും മെൻ്ററുമായ അഡ്വ ചാർളി പോൾ പറഞ്ഞു. അങ്കമാലി ഫാമിലി ഹൈസ്കൂളിൽ അധ്യാപക-രക്ഷാകത്തൃ സമ്മേളനത്തിൽ പോസിറ്റീവ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

മൃഗങ്ങളെപ്പോലും ഇപ്പോൾ ഇണക്കിയാണ് വളർത്തുന്നത്. വടിയും മുറിപ്പെടുത്തലും വേണ്ട. അത് ഗുണം ചെയ്യില്ല. സ്നേഹവും കരുതലും അച്ചടക്കവും കൃത്യമായ അനുപാതത്തിൽ മക്കൾക്ക് നൽകണം.

positive parenting-3

വീട്ടിൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകണം. മറ്റ് കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യരുത്. കുട്ടികളുടെ വികാരങ്ങളെ മാനിക്കണം. അവരുടെ ഇച്ഛാശക്തി വളർത്തണം. അവരെ പരിഗണിക്കുകയും അംഗീകരിക്കുകയും ആവശ്യമായ സ്വാതന്ത്ര്യം നല്കുകയും വേണം.

തീരുമാനങ്ങളിൽ അവരുടെ അഭിപ്രായം കൂടി കേൾക്കണം. ഒന്നിച്ച് ഭക്ഷിക്കുന്ന, ഒരുമിച്ച് വിശേഷങ്ങൾ പങ്കുവെക്കുന്ന, വിമർശനങ്ങൾ ഇല്ലാത്ത, എന്നാൽ തെറ്റുകളെ ബോധ്യപ്പെടുത്തുന്ന സമീപനം കുട്ടികളിൽ ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നല്കും.

positive parenting-2

സ്നേഹാനുഭവങ്ങൾ, സ്നേഹ സ്പർശം, ആശ്വസിപ്പിക്കൽ, പ്രചോദിപ്പിക്കൽ, പരിഗണിക്കൽ, അഭിനന്ദിക്കൽ എന്നീ പോസിറ്റീവ് മാർഗ്ഗങ്ങൾ കുട്ടികളെ ഉത്തമ പൗരന്മാരാക്കും.

ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അവരെ പരിശിലിപ്പിക്കണം. കുട്ടികളിൽ "എന്തില്ല " എന്ന് അന്വേഷിക്കാതെ "എന്തുണ്ട് "എന്ന് കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കണം.

സൗഹൃദ്ദാന്തരീക്ഷവും ഊഷ്മളതയുമാണ് കുട്ടികളുടെ വളർച്ചയ്ക്ക് അനുപേക്ഷണീയം. വ്യത്യസ്ത അഭിരുചിയുള്ളവരാണ് മക്കൾ. അവർ ഏതെങ്കിലും തരത്തിൽ ജീനിയസുകളാണ്.

positive parenting-5

അഭിരുചി കണ്ടെത്തി പഠനാവസരങ്ങൾ നല്കണം. അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും. മാതാപിതാക്കളുടെപറച്ചിലും പ്രവർത്തിയും കുട്ടികളെ സ്വാധീനിക്കും. കുട്ടികൾ എങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ മാതാപിതാക്കൾ ജീവിച്ചു കാണിക്കുക. ചാർളി പോൾ തുടർന്നു പറഞ്ഞു.

യോഗത്തിന് ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പ്രവർത്തന വർഷത്തെ റിപ്പോർട്ട് സെക്രട്ടറി സി. പ്രിൻസി മരിയ അവതരിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് സ്റ്റീഫൻ എം ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
2024- 25 പ്രവർത്തന വർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. സീനിയർ അധ്യാപിക സി മെറിൻ ജോർജ് യോഗത്തിന് നന്ദി പറഞ്ഞു.

positive parenting-4

പി.ടി.എ ഭാരവാഹികളായി പി.ബി സൈബിൻ (പ്രസിഡൻ്റ്) റിജേഷ് (വൈസ് പ്രസിഡൻ്റ്) എം പി ടി എ ചെയർപേഴ്സൺ ആയി മനു സൈജി എന്നിവരെ തിരഞ്ഞെടുത്തു.

Advertisment