കൊച്ചി: വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിൽ അടിയന്തിര സർക്കാർ നടപടി ആവശ്യപ്പെട്ട് ജോസ് മാവേലി നയിക്കുന്ന ഒറ്റയാൾ സമരജാഥയ്ക്ക് കാക്കനാട് കളക്ടറേറ്റിന് മുന്നിൽ സ്വീകരണം നൽകി.
ജനസേവ ശിശുഭവൻ പ്രസിഡൻറ് അഡ്വ. ചാർളി പോൾ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവ തെരുവുനായ വിമുക്ത സംഘത്തിൻ്റെ നേത്യത്വത്തിലാണ് സമരജാഥ സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും കേരള സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടികടിയിലും പേവിഷബാധാ മരണങ്ങളിലും കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. രേഖകൾ പ്രകാരം ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ 17 പേർ മരണപ്പെട്ടു കഴിഞ്ഞു.
ഈ കണക്കിന് പോയാൽ കേരളത്തിൽ പേപ്പട്ടി കടി ഏൽക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്ന അവസ്ഥ വരുമെന്നും അതിനാൽ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ച് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/07/11/jose-maveli-protest-against-street-dogs-2-2025-07-11-17-50-57.jpg)
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഈ സമരവുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരജാഥയുടെ എറണാകുളം ജില്ലാ പര്യടനം അവസാനിക്കുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച് അവസാനം തിരുവനന്തപുരം സെക്രട്ടേറിയേറ്റ് നടയിൽ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ. അബ്ദുൾ അസീസ്, ജെ. ജെ. കുറ്റിക്കാട്, ഓമന തോമസ്, ഡോ. മാർട്ടിൻ പോൾ, വർഗീസ് പി. എം, വി.എൻ. പുരുഷോത്തമൻ, സുനിൽ ഗോപാലൻ, പ്രിൻസ് വെള്ളറക്കൽ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പ്രസംഗിച്ചു.