പിറവം: അമേരിക്കയിലെ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ കേരള കൺവെൻഷൻ 2026 ജനുവരി 9 ന് നടക്കുകയാണ്. കൺവെൻഷന് മുന്നോടിയായി ഫോമയും, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പിറവം വലിയപള്ളി പാരിഷ് ഹാളിൽ നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും.
ഫോമയുടെ പ്രസിഡണ്ട് ബേബി ഫിലിപ്പ് മണക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
പിറവം നഗരസഭാ മുൻ ചെയർമാൻ സാബു കെ ജേക്കബ്ബ് സ്വാഗതവും, ഫോമ ലാംഗ്വേജ് ആൻഡ് എജ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ സാമുവൽ മത്തായി കൃതജ്ഞതയും പറയും.
കെ എം മാണി, ബജറ്റ് റിസർച്ച് ഫൗണ്ടേഷൻ ചെയർ പേഴ്സൺ നിഷ ജോസ് കെ മാണി, മുൻ എം എൽ എ, എം ജെ ജേക്കബ്ബ്, കൊച്ചിൻ കോർപ്പറേഷൻ മുൻ മേയർ, സൗമിനി ജെയിൻ, പ്രൊഫ.ഡോ. ശ്രീകുമാർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർ ജയൻ എം ഡി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് സ്ലീബാ, പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, നഗരസഭ ഉപാദ്ധ്യക്ഷൻ, കെ പി സലിം, കേരള ഹൈക്കോടതി മീഡിയേറ്റർ, അഡ്വ. ചിൻസി ഗോപകുമാർ, പിറവം നഗരസഭ മുൻ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ - ഓർഡിനേറ്റർ ഡോ. എ സി പീറ്റർ, ജോയി സഖറിയ ഹംഗർ റിലീഫ് ലയൺസ് ക്ലബ്ബ് കോട്ടയം, ബി പി സി കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി പോൾ, അസോസിയേറ്റ് പ്രൊഫ. മേജർ ഡോ. സുഷൻ പി കെ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ജനറൽ മെഡിസിൻ, സർജറി, ശിശു രോഗ, നേത്രരോഗ, ദന്തരോഗ, കാർഡിയോളജി, ഡെർമറ്റോളജി, ഓഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ള രോഗികളെ ക്യാമ്പിൽ പരിശോധിക്കുന്നതാണ്. ഏറ്റവും ആധുനിക രീതിയിൽ രോഗങ്ങൾ കണ്ടുപിടിക്കുന്ന ടെലിമെഡിസിൻ മൊബൈൽ യൂണിറ്റും ക്യാമ്പിൽ സജ്ജമാണ്.
18 വയസ്സിൽ താഴെയുള്ള ഹൃദയ ശക്രിയയ്ക്ക് വിധേയരാകേണ്ട കുട്ടികൾക്ക്, റോട്ടറി ക്ലബ്ബ് അമൃത ഹോസ്പിറ്റൽ മുഖേന ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുത്ത് വരുന്നുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പ്രവർത്തിക്കുന്ന റോട്ടറി ക്ലബ്ബിൻ്റെ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആശാ വർക്കർമാർ മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം നിശ്ചയിച്ചിട്ടുള്ളത്.