/sathyam/media/media_files/2025/08/01/right-to-information-seminar-2025-08-01-13-35-18.jpg)
കൊച്ചി: വിവരാവകാശ നിയമം ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു വിപ്ലവകരമായ ചൂടുവെപ്പ് ആയിരുന്നുവെന്ന് ജസ്റ്റിസ് പി.ജി അജികുമാർ അഭിപ്രായപ്പെട്ടു. നിയമത്തിൽ പറഞ്ഞതുകൊണ്ട് മാത്രം ഒരു അവകാശവും ലഭിക്കില്ല അത് ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.
വിവരം ലഭ്യമാക്കുക എന്നത് ഒരു മൗലികാവകാശമാണ്. ഏത് പൊതു ഓഫീസിൽ നിന്നും ഏതു പൊതു രേഖയും ലഭ്യമാക്കണമെന്നത് മൗലീകാവകാശമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണം ജനപ്രതികളും നിയമസഭകളും എന്ന് അദ്ദേഹം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്ററിൽ വിവരാവകാശ കമ്മീഷണർ ഡോക്ടർ അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സിമിനാറും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് പിജി അജിത്കുമാർ.
ചാവറ കൾച്ചറൽ സെന്റർ, പ്രവാസി ലീഗൽ സെൽ, ആർ ടി ഐ കേരള ഫെഡറേഷൻ, പരിവർത്തൻ കേരള എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിങ് ചെയർപേഴ്സൺ പി മോഹനദാസ് അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം മുഖ്യപ്രഭാഷണം നടത്തി.
ഒരു കൈകടത്തലും ഇല്ലാതെ സുതാര്യമായും സത്യമായും വിവരങ്ങൾ സാക്ഷ്യപ്പെടുത്തി ലഭ്യമാക്കുക എന്നത് നിസ്സാര കാര്യമല്ല, നീതിയാണ് ഇന്ന് ഏറ്റവും ചെലവേറിയ കാര്യം. പത്തുരൂപ നൽകി ഏതൊരു പൗരനും വിവരങ്ങൾ അറിയുവാനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമത്തിന്റെ അന്തസത്ത എന്ന് അബ്ദുൽ ഹക്കീം പറഞ്ഞു.
മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബാധിക്കുന്ന നിയമമായ ആർടിഐ. ജനാധിപത്യത്തിന്റെ അഞ്ചാംതൂണായി വളർന്നുനിൽക്കുന്ന, നെടുംതൂണാണ് വിവരാവകാശനിയമം എന്നും അദ്ദേഹം പറഞ്ഞു. ജനപ്രതികൾ സ്ഥാനത്ത് നിന്നും വിട്ടുപോകുമ്പോൾ ആസ്തി വിവരങ്ങൾ പുറത്തുവിടണമെന്നും വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന, ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി. ബി.ബിനു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ആർ ടി ഐ കേരള ഫെഡറേഷൻ രക്ഷാധികാരി കെഎൻ കെ നമ്പൂതിരി, പരിവർത്തൻ കേരള സ്റ്റേറ്റ് കോഡിനേറ്റർ ഐപ്പ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ജസ്റ്റിസ് പി. ജി. അജിത് കുമാർ, ഡോ. അബ്ദുൾ ഹക്കിംമിനെ മെമെന്റോ നൽകി, പൊന്നാടയണിയിച്ചു ആദരിച്ചു.