കിറ്റെക്‌സിന്റെ 'ലിറ്റില്‍ സ്റ്റാര്‍' ഇന്ത്യന്‍ വിപണിയിലേയ്ക്ക്; ലക്ഷ്യം 1000 കോടിയുടെ അധിക വരുമാനം

New Update
kitex garments

കൊച്ചി: കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. യൂറോപ്പ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നവജാത ശിശുക്കളുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവു വലിയ രണ്ടാമത്തെ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്‍സ് ലിമിറ്റഡാണ് തങ്ങളുടെ യുഎസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാര്‍' ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Advertisment

ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലിറ്റില്‍ സ്റ്റാറിന്റെ കടന്നുവരവോടെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ചത് വേണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അമേരിക്കൻ  ഗുണനിലവാരവും, സുരക്ഷയും, ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് പറഞ്ഞു.

kitex garments-2

ഇന്ത്യന്‍ വിപണിയില്‍ കൂടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ യു.എസിലേയ്ക്കുള്ള കയറ്റുമതിക്ക് ഉയര്‍ന്ന തിരുവമൂലം സംഭവിക്കാവുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുമെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും, നിക്ഷേപകരുടെയും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടും. 

ഇന്ത്യയിലെ നവജാത ശിശുക്കളുടെ വസ്ത്ര വിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്.ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനന നിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശിക്കുകളുടെയും, കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യതകയും വര്‍ദ്ധിക്കുന്നു. 

മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലറ വില്‍പന മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അതിവേഗം നിറവേറ്റാനും ഡിജിറ്റല്‍ ചാനലുകളുടെ പങ്ക് നിര്‍ണായകമാണ്.

kitex garments-3

ഇത് പ്രയോജനപ്പെടുത്താന്‍ ലിറ്റില്‍ സ്റ്റാറിനെ ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്‌സ് വഴി ഇന്ത്യയിലെ എല്ലാ  നഗരങ്ങളിലും  തുടര്‍ന്ന് റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി രാജ്യമെമ്പാടും ശ്രംഖല വിപുലപ്പെടുത്തും.

യു.എസിലെ  കിറ്റെക്‌സിന്റെ സ്വന്തം ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന ഉന്നത ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ രാജ്യത്തെ നവജാത ശിശുക്കള്‍ക്കും, കൊച്ചുകുട്ടികള്‍ക്കും കൂടി അനായാസം ലഭ്യമാകുന്നതിനുള്ള അവസരം കൂടിയാണിതെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.

Advertisment