/sathyam/media/media_files/SJO9fMnW51htCcaFif9i.jpg)
കൊച്ചി: മനുഷ്യജീവന് വെല്ലുവിളികളുയര്‍ത്തി തെരുവ് നായ്ക്കള്‍ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുമ്പോള്‍ അടിയന്തര നടപടികളെടുക്കാതെയുള്ള സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ജനദ്രോഹമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍.
2025 ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചു മാസങ്ങളിലായി കേരളത്തില്‍ 1,65,000 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. 17 പേര്‍ മരിച്ചു. 2014-2025 കാലഘട്ടങ്ങളില്‍ 22.52 ലക്ഷം നായ കടിച്ച കേസുകളും 160 മരണങ്ങളുമുണ്ടായെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ രേഖകളും ഔദ്യോഗിക കണക്കുകളും പുറത്തുവന്നിട്ടും നടപടികളില്ല. രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിലേറെയാണ്.
2025 ജൂലൈ 28ന് കേരള ഹൈക്കോടതി തെരുവ് നായ ആക്രണങ്ങളെ 'ദുരന്ത നിയന്ത്രണ നിയമം 2005' പ്രകാരമുള്ള ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യമുന്നയിച്ചതും നിസാരവല്‍ക്കരിച്ച് അധികാരികള്‍ കാറ്റില്‍പറത്തി.
തെരുവു നായയുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് കൂടുതലും വയോജനങ്ങളും കുട്ടികളുമാണ്. സ്‌കൂളുകളിലേക്ക് രാവിലെ നടന്നുപോകുന്ന കുട്ടികളും ജോലിക്കുപോകുന്ന സ്ത്രീകളുമാണ് പ്രധാനമായും തെരുവുനായ്ക്കളുടെ ഇരകളാകുന്നത്.
1964 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം തെരുവുനായ്ക്കളെ കൊല്ലാമെന്ന നിയമം അട്ടിമറിച്ച് 2001 ല്‍ മൃഗ പ്രജനന നിയന്ത്രണ ചട്ടങ്ങളിലൂടെ നായ്ക്കളെ കൊല്ലുന്നത് വിലക്കിയത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ്.
നായ്ക്കളെ തെരുവില്‍ വിടാന്‍ പാടില്ലെന്നും തെരുവുനായ്ക്കളെ ഉടന്‍ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലാക്കണമെന്നും ഓഗസ്റ്റ് 11ന് സുപ്രീംകോടതി ഉത്തരവിട്ടതു ചോദ്യം ചെയ്യാന്‍ നായസ്‌നേഹി സംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത് നിസാരവല്‍ക്കരിക്കരുത്.
കോടിക്കണക്കിനു രൂപമുടക്കി സുപ്രീംകോടതിയില്‍ കേസു നടത്തുന്ന ഇത്തരം സംഘടനകളുടെ സാമ്പത്തിക ഇടപാടുകളും വാക്‌സിന്‍ കമ്പനികളുമായുള്ള ഇക്കൂട്ടരുടെ ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന് അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.