പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ വീടും ഓഫീസും ആക്രമിച്ച ഡിവൈഎഫ്ഐയുടെ തേർവാഴ്ചയിൽ പ്രതിഷേധിച്ച് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി

New Update
congress committee mulamthuruthy

മുളന്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പറവൂരിലെ വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ ഡിവൈഎഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുളന്തുരുത്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

Advertisment

രാഷ്ട്രീയ എതിരാളികളെയും അവരുടെ വീടും സ്ഥാവര ജംഗമസ്വത്തുക്കളും ആക്രമിച്ച് നശിപ്പിയ്ക്കാൻ നിയമം കൈയ്യിലെടുക്കുന്ന ഡിവൈഎഫ്ഐയ്ക്കും സിപിഎമ്മിനും കേരള ജനത ചുട്ട മറുപടി നൽകിയിരിക്കും എന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി ജെ പൗലോസ് പറഞ്ഞു. 

കേരളത്തിലെ ജനങ്ങളെ, സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ആക്രമിച്ചും ഭയപ്പെടുത്തിയും ആണ് ഭരണം നടത്തുന്നത്.

ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഇരിക്കുന്ന പൊതുസമൂഹം ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ അവസരം കാത്തിരിക്കുകയാണെന്നും പ്രതിഷേധ പ്രകടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ജെ പൗലോസ് തുടർന്ന് പറഞ്ഞു.

പൊതുസമൂഹം മറുപടി നൽകും, പൊതുസമൂഹത്തെ അണിനിരത്തി സമരം ചെയ്യും എന്നൊക്കെയാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആവർത്തിച്ച് ആവർത്തിച്ച് പറയുന്നത്.

mulamthuruthy block congress

ഇദ്ദേഹം ഓർക്കേണ്ടത് പൊതുസമൂഹം എന്നത്, സിപിഎം പ്രവർത്തകരും ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരും സിഐടിയുക്കാരും മറ്റ് പാർട്ടിഅനുഭാവികളും മാത്രമല്ല. അതിനു പുറത്ത് ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ സാമാന്യ ജനങ്ങളുണ്ട്. അക്രമവും അഴിമതിയും അനീതിയും ഇഷ്ടമില്ലാത്ത സാധാരണക്കാരായ ജനങ്ങൾ.  

പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നിട്ടും ജോലി കൊടുക്കാതെ നിങ്ങൾ തൊഴിൽ നിഷേധിച്ച യുവതീ യുവാക്കൾ, ആശാവർക്കർമാർ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ വീട്ടമ്മമാരും, ഇടത്തരക്കാരും പാവപ്പെട്ടവരും, അന്നന്ന് വേണ്ട ആഹാരത്തിന് വഴിതേടുന്നവരും, നെൽ കർഷകരും, സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭിക്കാതെ നിരാശരായി മടങ്ങുന്നവരും ഉൾപ്പെടെയുള്ള ജനങ്ങൾ ഉൾപ്പെടുന്നത് കൂടിയാണ് പൊതുസമൂഹം എന്ന് പ്രതിഷേധ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ ആർ ഹരി ആഞ്ഞടിച്ചു. 

മുളന്തുരുത്തി പള്ളിത്താഴത്തെ ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന സമ്മേളനത്തിൽ കെപി സി സി സെക്രട്ടറി ഐ കെ രാജു, ഡി സി. സി ഭാരവാഹികളായ റീസ് പുത്തൻവീട്ടിൽ, വേണു മുളന്തുരുത്തി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ജെ ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിസൈബ താജുദ്ദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പോൾ ചാമക്കാല, എൻ ആർ ജയ്കുമാർ, സി ആർ ദിലീപ്കുമാർ, ജൂലിയ ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം എസ് ഹമീദ് കുട്ടി, ലിജോ ചാക്കോച്ചൻ, ബെന്നി കെ പൗലോസ്, പി എം സോമൻ, കെ ജി ഷിബു, വൈക്കം നസീർ, സലിം അലി, കെ കെ ശ്രീകുമാർ, ജോൺസൺ തോമസ്, ലീല ഗോപാലൻ, ജയശ്രീ പത്മാകരൻ, ഇന്ദിര ധർമ്മരാജൻ എന്നിവർ പ്രസംഗിച്ചു.

Advertisment