കൊച്ചി: തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ മനുഷ്യാവകാശ-സാമൂഹ്യ കലാ-കായിക-സാംസ്കാരിക-പി.റ്റി.എ. സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം നടത്തിയത്.
ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ ചെയർമാൻ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ ആമുഖപ്രഭാഷണവും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ മുഖ്യപ്രഭാഷണവും ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ വിഷയാവതരണവും നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിനിമാതാരം കൊച്ചു പ്രദീപ്, ഫാ. ജോയ് പ്ലാക്കൽ, ബെന്നി ജോസഫ്, അബ്ദുൽ അസീസ്, ജോബി തോമസ്, സാബു ജോസ്, കുമ്പളം രവി, കെ.പി. ആൽബർട്ട്, കുരുവിള മാത്യൂസ്, സൈമൺ ഇടപ്പള്ളി, ജോസഫ് പുതുശ്ശേരി, ജാവന്‍ ചാക്കോ, ഡൊമിനിക് ചാണ്ടി, ജെ.ജെ. കുറ്റിക്കാട്ട്, ജോജോ മനക്കില്‍, പി എം അസൈനാർ, ഗഫൂർ അളമന, പി കെ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമരവേദിയിൽ തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാൻസ് ഗ്രൂപ്പിൻ്റെ ഗ്രൂപ്പിൻ്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു.