/sathyam/media/media_files/2025/08/29/mulanthuruthy-catheedral-2-2025-08-29-00-22-06.jpg)
മുളന്തുരുത്തി: പരി. യൂയാക്കിം മോർ കൂറിലോസ് ബാവായുടെ ഓർമ്മ പുതുക്കൽ പെരുന്നാൾ ആയ ചിങ്ങം 20 പെരുന്നാൾ ഈ വർഷം ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 2 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
പരി. യൂയാക്കിം മോർ കൂറിലോസ് ബാവയുടെ 151-ാ ത് ഓർമ്മദിനം കാതോലിക്കയും ഇടവക മെത്രാപ്പോലീത്തയുമായ ബസ്സേലിയോസ് ജോസഫ് ബാവായുടെയും, പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെയും മുഖ്യ കാർമികത്വത്തിൽ മുളന്തുരുത്തി മാർത്തോമൻ ചാപ്പലിൽ വിവിധ ദേവാലയ ചടങ്ങുകളോടെ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ നടക്കും.
പരി. യൂയാക്കിം മോർ കൂറിലോസ് ബാവായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിനു ശേഷം വരുന്ന 18 -ാ മത്തെ ഓർമ്മദിനമാണ് ഈ ദിവസങ്ങളിൽ ആചരിക്കുന്നത്.
ഇറാഖിലെ തുർ - അബ്ദീൻ സ്വദേശിയായ പരി. യുയൂക്കിം ബാവ, മെത്രാപ്പോലീത്ത പദവിയേറ്റശേഷം, പരി. അന്തോഖ്യാ സിംഹാസനത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഭാരതത്തിൽ എത്തി.
പരിശുദ്ധ പിതാവ് 29 വർഷം മലങ്കരയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് മലങ്കര മക്കളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു. 1874 സെപ്റ്റംബർ രണ്ടാം തീയതി തൻ്റെ ദൗത്യ നിർവഹണം പൂർത്തിയാക്കിയ ശേഷം മുളന്തുരുത്തിയിലെ പരി. ദേവാലയത്തിൽ വെച്ച് പരിശുദ്ധ പിതാവ് കബറടങ്ങി.
പരി. മോർ കൂറിലോസ് ബാവയുടെ 150 -ാം ഓർമ്മദിനം ഭക്തിനിർഭരമായ ദേവാലയ ചടങ്ങുകൾക്ക് പുറമേ, സമൂഹ നന്മയ്ക്ക് ഉചിതമായ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ പരി. പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹീക സന്ദർശന സമയത്ത് തീരുമാനമെടുത്തിരുന്നു.
ചിങ്ങം 20 പെരുന്നാളിനോടനുബന്ധിച്ച് ഷമ്മി ജോൺ അച്ചൻ കൊടി ഉയർത്തുന്നു
അതിൻ്റെ ഭാഗമായി രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന ഈ ജൂബിലി വർഷത്തിൽ വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, മെഡിക്കൽ ക്യാമ്പുകൾ, ആയിരം ഡയാലിസിസ്, ചികിത്സാ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് പെരുന്നാൾ ചടങ്ങുകൾ വിശദീകരിക്കാൻ വേണ്ടി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മാർത്തോമൻ കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
പെരുന്നാളിൽ, അന്ത്യോഖ്യ സിംഹാസന വിശ്വാസ തീർത്ഥയാത്ര സംഘത്തിൻ്റെ നേതൃത്വത്തിൽ കുറുപ്പുംപടി മേഖലയിൽ നിന്നും വരുന്ന പ്രധാന തീർത്ഥാടകരെ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച വൈകിട്ട് 5 30ന് മുളന്തുരുത്തി കരവട്ടെ വടക്കേക്കുരിശടിയിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തയുമായ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ, ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നാനാ ജാതിമതസ്ഥരുൾപ്പെടെയുള്ള പൗരസമിതിയും ചേർന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
ഓഗസ്റ്റ് 28 ന് നടക്കുന്ന കൊടിയേറ്റം മുതൽ സെപ്റ്റംബർ 2 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥനയും, ആഗസ്റ്റ് 28 മുതൽ ഓഗസ്റ്റ് 31 വരെ വൈകിട്ട് ഏഴിന് സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും.
ഓഗസ്റ്റ് 28, 29 തീയതികളിൽ രാവിലെ 7 മണിക്കുള്ള വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം പരിശുദ്ധ ബാവായുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന ഉണ്ടായിരിക്കും.
മുപ്പതാം തീയതി രാവിലെ 7 മണിക്കുള്ള വിശുദ്ധ കുർബാന യോടൊപ്പം മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാകും. 31 രാവിലെ 8:00 മണിക്ക് വിശുദ്ധ കുർബാനയ്ക്കു ശേഷം പരിശുദ്ധ ബാവായുടെ കബറിടത്തിങ്കൽ ധൂപ പ്രാർത്ഥന ഉണ്ടാകും.
പുണ്യപ്പെട്ട മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവായുടെ ഓർമ്മ ദിനമായ സെപ്റ്റംബർ 1 തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് പ്രഭാത പ്രാർത്ഥനയും വിശുദ്ധ കബറിന് മുന്നിൽ നടയിൽ പെട്ടി സമർപ്പിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. ധൂപ പ്രാർത്ഥനക്ക് ശേഷം പാച്ചോർ നേർച്ച വിതരണം ചെയ്യും.
വൈകിട്ട് 5 മണിക്ക് പള്ളിയിൽനിന്നും കരവട്ടെ വടക്കേ കുരിശടിയിലേക്ക് പ്രദക്ഷിണമായി എത്തി, തീർത്ഥാടകരെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
തീർത്ഥാടകരുമായി പള്ളിയിൽ എത്തിയശേഷം കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും സന്ധ്യാ പ്രാർത്ഥനയും കഴിച്ച്, നടക്കാവ് ടോളിലുള്ള പരി. യൂയാക്കിം മോർ കൂറിലോസ് ബാവായുടെ സ്മാരക കുരിശുംതൊട്ടിയിൽ പ്രദക്ഷിണമായി എത്തി ധൂപ പ്രാർത്ഥന നടത്തും.
തുടര്‍ന്ന് പള്ളിയിൽ തിരിച്ചുവന്ന് 9 മണിയോടെ പരി. ബാവായുടെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥന നടത്തി ഭക്തരെ ആശിർവദിക്കും. തുടർന്ന് വിശ്വാസികൾ സമർപ്പിച്ച പൊതിച്ചോർ നേർച്ച വിതരണം ചെയ്യും.
സെപ്റ്റംബർ 2 ചൊവ്വാഴ്ച 4.45 ന് ആരംഭിക്കുന്ന പ്രഭാത പ്രാർത്ഥനക്ക് ശേഷം പരിശുദ്ധ ബാവായുടെ കബറടത്തിങ്കൽ വിശുദ്ധ കുർബ്ബാന ഉണ്ടാവും.
രാവിലെ 7.15 ന് പ്രഭാത പ്രാർത്ഥനക്ക് ശേഷം എട്ടുമണിക്ക് അഭി. മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പരി. യൂയാക്കിം മോർ കൂറിലോസ് ബാവായോടുള്ള മധ്യസ്ഥ പ്രാർത്ഥനയ്ക്കായി വി.മൂന്നിന്മേൽ കുർബ്ബാന ഭക്തി നിർഭരമാകും.
തുടർന്ന് കബറിടത്തിൽ നടക്കുന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷം ഇടവക അംഗങ്ങളിൽ പെട്ട എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, ജെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും മോർ കൂറിലോസ് അവാർഡും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്യും.
തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിന് ശേഷം വിശ്വാസികൾ ആശിർവാദം സ്വീകരിച്ച്, ഭക്തിയോടെ തിരുശേഷിപ്പ് വണങ്ങി, അവൽ നേർച്ചയും കഴിക്കും. അതിനെ തുടർന്നുള്ള ആദ്യ ഫല ലേലത്തിന് ശേഷം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.
മാർത്തോമൻ യാക്കോബായ കത്തീഡ്രൽ, തന്നാണ്ട് വികാരി റവ. ഫാ. ഷമ്മി ജോൺ കശ്ശീശ എരമംഗലത്ത്, കോർ എപ്പിസ്കോപ്പമാരായ വെരി.റവ.സ്ലീബ കാട്ടുമങ്ങാട്ട്, വെരി.റവ. ബേബി ചാമക്കാല, റവ.ഫാ.യൽദോസ് തോമസ് ആയപ്പിള്ളിൽ, റവ.ഫാ. ബേസിൽ ബേബി പൊറ്റയിൽ, അനിൽ ജേക്കബ്ബ് പൊനോടത്ത്, മാത്യു പറയന്തടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് പെരുന്നാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.