/sathyam/media/media_files/2025/08/31/ayush-kayakalpa-award-2025-08-31-15-27-54.jpg)
കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പൻസറി.
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും ചോറ്റാനിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, വാർഡ് മെമ്പർ പൗലോസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി എസ് സജിത എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ പുരസ്കാരം സ്ഥാപനങ്ങളുടെ ശുചിത്വം , മാലിന്യ സംസ്കരണം , അണുബാധ നിയന്ത്രണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷമാണ് പ്രഖ്യാപിച്ചത്.
ഈ വർഷം ഹോമിയോ ഡിസ്പൻസറിക്ക് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ്) ദേശീയ അംഗീകാരവും ലഭിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ദേശീയ അംഗീകാരം ലഭിച്ചത്.
പൂർണ്ണമായി കമ്പ്യൂട്ടർ വൽക്കരിച്ച സ്ഥാപനത്തിൽ നിന്നും തൈറോയ്ഡ്, അലർജി, ആസ്മ, ജീവിത ശൈലീ രോഗങ്ങൾ, പൈലസ്, വെരിക്കോസ് വൈൻ മൈഗ്രേൻ, സ്ത്രീ രോഗങ്ങൾ തുടങ്ങിയവക്ക് വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്.
കൂടാതെ സൗജന്യ യോഗാ പരിശീലനം, സാന്ത്വന ഗൃഹ പരിചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ നടത്തി വരുന്നു. മരുന്നു വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് ആവിശ്യങ്ങൾക്കുമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.