കൂവപ്പടിയിലെ പട്ടികജാതി ഫ്‌ളാറ്റ് നിർമ്മാണത്തിനെതിരെ ആരോപണമുന്നയിച്ച് ഹിന്ദു ഐക്യവേദി രംഗത്ത്

New Update
B

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ നിർധനരായ പട്ടികജാതിക്കാർക്കായുള്ള ഫ്ലാറ്റ് സമുച്ചയ നിർമ്മാണപദ്ധതിയിൽ ഗുരുതരമായ അഴിമതിയും അധികൃതരുടെ അലംഭാവവും ഉണ്ടായതായി ആരോപണം.

Advertisment

ഹിന്ദു ഐക്യവേദിയുടെ കൂവപ്പടി പഞ്ചായത്ത് സമിതി ഇക്കാര്യത്തിൽ പൊതു ചർച്ച സംഘടിപ്പിച്ചുകൊണ്ട് ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നു.

publive-image

2012ൽ ആണ് പന്ത്രണ്ടാം വാർഡിലുൾപ്പെടുന്ന പ്രദേശത്ത് പഞ്ചായത്ത് ഒന്നരയേക്കറിൽ പാർപ്പിടസമുച്ചയ നിർമ്മാണപദ്ധതിയ്ക്ക് തുടക്കംകുറിച്ചത്.

പന്ത്രണ്ടുവർഷമായിട്ടും ഈ പദ്ധതി പൂർത്തിയാക്കി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ കൈമാറാൻ പഞ്ചായത്തിനായില്ല. രണ്ടു നിലകളിലായി 4 വീടുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കി ഉദ്‌ഘാടനം കഴിഞ്ഞിട്ടു 8 വർഷവും 6 മാസവും കഴിഞ്ഞു.

പദ്ധതിപ്രദേശം കാടുകയറി നശിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജോയിന്റ് സെക്രട്ടറി ടി.ജി. ഷിജിത്ത്കുമാർ ചൂണ്ടിക്കാട്ടി. ഫ്ളാറ്റുകൾക്കായി കണ്ടെത്തിയ ഭൂമിയിൽ പദ്ധതിയിലില്ലാത്ത ഒരു കമ്മ്യൂണിറ്റി ഹാൾ പണിതത്തിനു പിന്നിൽ ഗുതുതരമായ സാമ്പത്തിക അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. ഒരു പ്രയോജനവും ഇല്ലാത്ത ഹാളിനുവേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഇതിന്റെ ഉദ്‌ഘാടനം നടന്നിട്ടില്ല.

G

ഫ്ലാറ്റുകളിൽ നാലെണ്ണമൊഴിച്ച് ബാക്കിയുള്ളവയുടെ ശിലാസ്ഥാപനം നടത്താനും പഞ്ചായത്തിനായില്ല. ഫ്ലാറ്റൊന്നിന് 3.50 ലക്ഷം രൂപ വകയിരുത്തി പണികളാരംഭിയ്ക്കുകയും നിലവിൽ ഏഴുലക്ഷം ചെലവഴിക്കുകയും ചെയ്തു. ഇനിയും 3 ലക്ഷം രൂപകൂടി വേണമത്രെ പണി പൂർത്തിയാകണമെങ്കിൽ. പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനു മാത്രമായി ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ.    

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇരുപത്തിനാലോളം കുടുംബങ്ങളാണ് ഈ പദ്ധതിയിലൂടെ ഒരു വീട് ലഭിയ്ക്കും എന്ന പ്രതീക്ഷയിൽ കഴിയുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ജൂൺ ഇരുപത്തിമൂന്നാം തീയതി കൂവപ്പടി വിശ്വകർമ്മ സഭ ഹാളിൽ വിവിധ ഹിന്ദു സാമുദായിക സംഘടനകളുടെ സംയുക്തയോഗം സംഘടിപ്പിച്ചിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു നൽകിയ മാർഗ്ഗനിർദ്ദേശത്തോടെ പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ജി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രദേശത്തെ സാമുദായിക സംഘടന നേതാക്കൾക്കൊപ്പം ഐക്യവേദി ജില്ലാ, താലൂക്ക്, പഞ്ചായത്ത്‌ സമിതി നേതാക്കൾ പങ്കെടുത്തു.

publive-image

സാമൂഹ്യ നീതി കർമ്മസമിതി രൂപീകരിച്ചു പ്രവർത്തനം വിപുലപെടുത്താൻ തീരുമാനമായി. പട്ടികജാതി സമൂഹത്തോടുള്ള നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാൻ തന്നെയാണ് തീരുമാനമെന്ന് വിവിധ സാമുദായിക സംഘടനാനേതാക്കളും അറിയിച്ചു.

ഫ്ലാറ്റ് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് വിട്ടുനൽകുവാനും ബാക്കിയുള്ള സ്ഥലം മൂന്നോ, നാലോ സെന്റുകളായി തിരിച്ച് അർഹതയുള്ളവർക്ക് വീടുവയ്ക്കാനായി നൽകണെമന്നും ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ നടപടി ഉടനുണ്ടായില്ലെങ്കിൽ ഒറ്റക്കെട്ടായി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ പറഞ്ഞു.

Advertisment