മുളന്തുരുത്തി: നിർധനരായ വൃക്കരോഗികൾക്ക് 2017 മുതൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ അവസരം ഒരുക്കിയ ഗ്രിഗോറിയൻ സൗജന്യ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും.
ട്രസ്റ്റിന്റെ വൈസ് പ്രസിഡണ്ട് ഫാ. ടി പി ഏലിയാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. എൽഐസി യുടെ മുൻ മാനേജിങ് ഡയറക്ടർ, മിനി ഐപ്പ് മുഖ്യ അതിഥിയാവും.
ഗീവർഗീസ് മാർ ഫിലക്സിനോസ് മെത്രാപ്പോലീത്ത, കോലഞ്ചേരി മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം തലവൻ ഡോ. കിഷോർ എസ് ധരൻ, സി ഇ ഒ ജോയി പി ജേക്കബ്ബ്, ഓപ്പറേഷൻസ് ഡയറക്ടർ ഫാ. വിജു ഏലിയാസ്, കറസ്പോണ്ടന്റ് ഡയറക്ടർ ഫാ. തോമസ് കെ ഏലിയാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
നിലവിലുള്ള നാല് ഡയാലിസിസ് യൂണിറ്റിന് പുറമേ, പുതിയതായി മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ കൂടി സ്ഥാപിച്ചുകൊണ്ട് ഡയാലിസിസ് സെന്റർ വിപുലീകരിക്കുകയാണ്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോൾഡൻ ജൂബിലി ഫണ്ടിന്റെ സഹായത്തോടെയാണ് പുതിയ മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം സൗത്ത് ഇന്ത്യൻ ബാങ്ക് രോഗികൾക്ക് ഡയാലിസിസ് യൂണിറ്റിലുള്ള ബെഡ് സൗജന്യമായി നൽകുകയും ചെയ്യും.
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ ഉപദേശ നിർദ്ദേശങ്ങളുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത് എന്ന്, തലക്കോട് പരുമല മാർ ഗ്രിഗോറിയോസ് സാധുജന സംരക്ഷണ പദ്ധതികളുടെ ഓപ്പറേഷൻസ് ഡയറക്ടർ ഫാദർ വിജു ഏലിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സാധുജന സംരക്ഷണ മേഖലയിൽ സ്തുത്യർഹമായ ആറു പതിറ്റാണ്ടിലധികം സേവന പാരമ്പര്യം തലക്കോട് പരുമല മാർ ഗ്രിഗോറിയോസ് സാധുജന സംരക്ഷണ കേന്ദ്രത്തിന് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹിയിൽ ഭദ്രാസനം ആരംഭിച്ചപ്പോൾ അതിന്റെ പ്രഥമ മെത്രാപ്പോലീത്തയും, കോട്ടയം പഴയ സെമിനാരിയിൽ, കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അതിന്റെ പ്രധാന അധ്യാപകനും, ലോകപ്രശസ്ത വേദ ശാസ്ത്രജ്ഞനും, ദൈവ ശാസ്ത്രജ്ഞനും ദാർശനിനും ചിന്തകനും ഗ്രന്ഥകാരനും ആഗോള ക്രൈസ്തവ സഭകളുടെ സംഗമവേദിയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ അദ്ധ്യക്ഷനും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരുടെ സമുദ്ധാരകനും ആഫ്രിക്കൻ രാജ്യങ്ങളിലെ കറുത്ത വർഗ്ഗക്കാർ നേരിടേണ്ടി വന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തിയ സാമൂഹ്യനീതിയുടെ പ്രചാരകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥമാണ് സാധുജന സംരക്ഷണ പ്രസ്ഥാനം ആരംഭിച്ചത് എന്ന് ഫാദർ വിജു ഏലിയാസ് വിശദീകരിച്ചു.
ഇപ്പോൾ ഈ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷൻ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുംബൈ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.