/sathyam/media/media_files/2025/11/25/g-priyanka-2025-11-25-01-28-41.jpg)
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ക്ലീനിംഗ് കലണ്ടർ 15 ദിവസത്തിനകം തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
നഗരത്തിലെ കനാലുകളും ഓടകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ക്ലീനിംഗ് കലണ്ടർ നടപ്പിലാക്കുന്നത്.
ഓരോ കനാലുകളും എപ്പോൾ, ആര്, എത്ര സമയം വൃത്തിയാക്കുന്നു എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം. 15 ദിവസത്തിനകം കലണ്ടർ സമർപ്പിച്ച ശേഷം, ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റിവ്യൂ നടക്കും.
റോഡുകളിൽ നിന്ന് ഓടകളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതാണ് എം.ജി റോഡിലെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
ഓടകളിലേക്ക് വെള്ളം പോകുന്ന പൈപ്പുകളുടെ വലുപ്പം 100 എം എം മാത്രമാണ്. ഇത് അപര്യാപ്തമായതിനാൽ ഇൻലെറ്റുകളുടെ വലുപ്പം കൂട്ടണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. കൂടാതെ, റോഡ് പണിയുടെ ഭാഗമായി ഓടകളിൽ വീണുപോയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യാമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ഉറപ്പ് നൽകി.
ഓടകളിലും കനാലുകളിലും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. റെയിൽവേ കൽവെർട്ടുകൾ വഴിയാണ് പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലുകളിലേക്ക് എത്തുന്നത്.
ഇത് തടയുന്നതിനായി കനാലുകളിലേക്ക് പ്ലാസ്റ്റിക് കടക്കുന്നതിന് മുൻപ് തന്നെ തടഞ്ഞുനിർത്തുന്ന 'ട്രാഷ് ബൂമുകൾ അല്ലെങ്കിൽ ബാരിയറുകൾ സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി.
റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് റെയിൽവേയിൽ നിന്നും ഈടാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ നിർദ്ദേശമുയർന്നു.
നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ ഡീവാട്ടറിംഗ് പമ്പുകൾ എവിടെയൊക്കെ സ്ഥാപിക്കണം എന്ന് കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച (നവംബർ 28 ) സംയുക്ത പരിശോധന നടത്തും.
ദുരന്തനിവാരണം, ഇറിഗേഷൻ, കോർപ്പറേഷൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഹസാർഡ് അനലിസ്റ്റും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. അടിയന്തര ഘട്ടങ്ങളിൽ പമ്പുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ പോലീസ് സഹായം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുല്ലശ്ശേരി കനാൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം നിർദ്ദേശിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, അമിക്കസ്ക്യൂറി ഗോവിന്ദ് പത്മനാഭൻ, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, കെ എസ് ഇ ബി, ഇറിഗേഷൻ, പോലീസ്, പിഡബ്ല്യുഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us