ഫ്ലാറ്റിൽനിന്ന് വീണു മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടൽ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

New Update
high court news 3567

കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണു മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. കേസിൽ ഇൻക്വിസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Advertisment

മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം ഇന്ന് അറിയിക്കാനും കോടതി നിർദേശം നൽകി. ഇതിനു ശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കി.

ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനേക്കാൾ കൂടുതലായിരിക്കണം ഒരാൾ മരിച്ചു കഴിയുമ്പോൾ നൽകുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യ വാദത്തിൽ പറഞ്ഞിരുന്നു. എന്നാൽ ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.

പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ‍ കഴിയവേ മരിച്ചതിനാൽ ആശുപത്രിയിൽ 1.30 ലക്ഷം രൂപ ചെലവായി. ഇതു നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് ജെബിൻ ഹർജി നൽകിയത്.

ഹർജി ഇന്ന് ഉച്ചക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ ഇന്ന് ഹാജരാക്കാം എന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു.

ഫ്ലാറ്റിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയിൽ എത്തിച്ചത്.

ഫെബ്രുവരി മൂന്നിനാണ് മനുവിന് പുലർച്ചെ ഫ്ലാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റത്. നാലിന് മരിച്ചു. ആറു വർഷമായി ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് മരിച്ചതെന്നാണ് ഹർജിയിൽ പറയുന്നു.

Advertisment