പെരുമ്പാവൂരയ്യന്റെ തട്ടകത്തിൽ ഒരുക്കങ്ങൾ തുടങ്ങി

ഐതിഹ്യപ്പെരുമപേറുന്ന പെരുമ്പാവൂർ പട്ടണത്തിലെ ശാസ്താക്ഷേത്രത്തിൽ തിരുവുത്സവം ഏപ്രിൽ 6 മുതൽ 13 വരെ

New Update

പെരുമ്പാവൂർ: ഐതിഹ്യകാരനായ കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രേഖപ്പെടുത്തലുകളിൽ പ്രതിപാദ്യവിഷയമായ ദേശപ്പെരുമയാണ് പെരുമ്പാവൂർ പട്ടണത്തിന്റേത്. 

Advertisment

മണ്ഡല, മകരവിളക്കു കാലത്ത് മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ശാസ്താക്ഷേത്രങ്ങളിലൊന്നാണ് പെരുമ്പാവൂരിലേത്.  അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ശബരിമലതീർത്ഥാടകരാണ് ഇവിടത്തെ ഇടത്താവളത്തിൽ എത്താറുള്ളത്. 

publive-image

ദേശവാഴികളായിരുന്ന ഞാളൂർക്കോട്ടകളരി കർത്താക്കന്മാരും പട്ടണത്തിലെ ധർമ്മശാസ്താക്ഷേത്രവും പുലക്കോട്ട ധർമ്മശാസ്താക്ഷേത്രവും മലാടിക്കൂട്ടം, ചെറാടിക്കൂട്ടം, പള്ളിക്കൂട്ടം, നാഥനാട് കൂട്ടം എന്നിങ്ങനെയറിയപ്പെട്ടിരുന്ന അങ്കമാലി മഞ്ഞപ്രയിൽ നിന്നുള്ള നാലുകൂട്ടം പുലയർ സമുദായങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആചാരപ്പെരുമ പെരുമ്പാവൂരിനുണ്ടെന്നതാണ് മറ്റൊരു ചരിതം. 

പെരുമ്പാവൂരും പുലക്കോട്ടയിലും സാന്നിധ്യമരുളുന്ന ശാസ്താസ്വരൂപങ്ങൾ ജ്യേഷ്ഠാനുജന്മാരാണെന്നാണ് വിശ്വാസം. ചരിത്രപരമായ ഈ അടയാളപ്പെടുത്തലുകളുമായി ബന്ധപ്പെടുത്തിയുള്ള പല ചടങ്ങുകളും ഇന്നും പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.  

വിഷുക്കാലത്തിനു മുന്നോടിയായാണ് പെരുമ്പാവൂരിൽ ഉത്‌സവത്തിനു കൊടിയേറുന്നത്. ഏപ്രിൽ 6 മുതൽ 13 വരെയാണ് ഇത്തവണ ഉത്സവം. കളരി ആരാധനമൂർത്തീരൂപത്തിൽ ഇടതുകൈ കുത്തി, ഇടതുതുട കിടത്തിയിട്ട്, ചിന്മുദ്രയോടുകൂടിയാണ് ധർമ്മശാസ്താവിന്റെ ഇരിപ്പ്.

publive-image

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതിനു മുന്നോടിയായി പട്ടണത്തിലെ പുരാതനമായ പാണാട്ട് ഇല്ലം ഇളയതുമാരോടും കറുത്തയോടും അനുമതിതേടി മൂന്നുവട്ടം വിളിച്ചുചോദിയ്ക്കുന്ന ആചാരം ഇന്നും പിന്തുടർന്നുപോരുന്നു. 


തൃക്കൊടിയേറ്റ് ഏപ്രിൽ 6 ഞായർ രാത്രി 8.30ന് 
തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കെ.സി. നാരായണൻ നമ്പൂതിരി നിർവ്വഹിയ്ക്കും


കുറുപ്പംപടിയ്ക്കടുത്തുള്ള ഞാളൂർക്കോട്ടക്കളരി കർത്താ കുടുംബത്തിലെ പ്രതിനിധിയുടെ സാന്നിധ്യം ഉത്സവവേളകളിൽ നിർബ്ബന്ധമാണ്. അംഗരക്ഷകനായി വാളും പരിചയുമേന്തിയാണ് ഞാളൂർക്കോട്ട കർത്താവ് സാന്നിധ്യം അറിയിക്കുന്നത്. ആറാട്ടുകഴിഞ്ഞ് പുലക്കോട്ടശാസ്താവിന്റെ അടുത്തുപോയി പറനിറച്ചുവരുന്നതും പെരുമ്പാവൂർ ശാസ്താക്ഷേത്രത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പാണാട്ട് ഇല്ലക്കാർ ആദ്യം പറനിറയ്ക്കുന്നതും ആചാരത്തിന്റെ ഭാഗമായി നടക്കുന്നു. 

publive-image

ഏപ്രിൽ 6ന് വൈകിട്ട് 7ന് 'തത്വമസി ആധ്യാത്മിക മഹാസമ്മേളനം' ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യും. തുടർന്ന് രാത്രി 8.30ന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കെ.സി. നാരായണൻ നമ്പൂതിരി കൊടിയേറ്റും. വിഷുവുത്സവത്തിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. 

8ന് വൈകിട്ട് 6.45ന് സിനിമാതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, 9ന് വൈകിട്ട് 7ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ സംഗീതം, 11ന് രാത്രി 9ന് കൊല്ലം ജീവ അവതരിപ്പിക്കുന്ന ദശരഥം ബാലെ, 12ന് രാവിലെ 9ന് ചലച്ചിത്രനടൻ ജയറാമിന്റെ മേളപ്രമാണത്തിൽ 111 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. 13ന് രാത്രി 9ന് ഉത്സവം കൊടിയിറങ്ങും.  
 

Advertisment