കാഞ്ഞിരമറ്റം പുതുവാശ്ശേരി ശക്തികാവ് ശ്രീകൃഷ്ണ  ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

സന്താന ലബ്ധിക്കായി കദളിപ്പഴ പാൽപ്പായസവും സന്താനഗോപാലമന്ത്രാർച്ചനയും വഴിപാടായി നടത്തിയ ഭക്തർക്ക് സൽസന്താനങ്ങളെ നൽകി അനുഗ്രഹിച്ച നൂറുകണക്കിന് അനുഭവങ്ങളാണ് ക്ഷേത്രത്തിന് പങ്കുവെയ്ക്കാനുള്ളത്.

New Update
puthuvasseri temple

കാഞ്ഞിരമറ്റം: മുവ്വായിരത്തിൽ പരം വർഷത്തെ ആരാധനാപാരമ്പര്യമുള്ള എറണാകുളം, കാഞ്ഞിരമറ്റം പുതുവാശ്ശേരി ശക്തികാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ വൈകിട്ട് (വ്യാഴാഴ്ച) 7.45 ന് തൃക്കൊടിയേറ്റ്. 

Advertisment

ഡിസംബർ 18 രാവിലെ 8.30 ന് ദർശനപ്രാധാന്യമായ ബിംബശുദ്ധിയും കലശാഭിഷേകത്തിനും ശേഷം നടക്കുന്ന അഷ്ടാഭിഷേകത്തോടെ ക്ഷേത്രം ഉത്സവത്തിന് ഒരുങ്ങും. 

തുടർന്ന്, വൈകിട്ട് 6.30 ന് നടക്കുന്ന വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം, ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രഹ്മശ്രീ ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും, മേൽശാന്തി ബ്രഹ്മശ്രീ രാഘവേന്ദ്ര മഠത്തിൽ നാരായണൻ പോറ്റിയുടെ സഹകാർമികത്വത്തിലും കൊടിയേറ്റം നടത്തും.

puthuvasseri temple pond

ആറ് ദിവസത്തെ ഭക്തിനിർഭരമായ ക്ഷേത്ര ചടങ്ങുകൾക്കും, വിവിധ കലാപരിപാടികൾക്കും ശേഷം ഡിസംബർ 23 ന്  ആറാട്ടോടെ ഉത്സവം സമാപിക്കും.

ചൈതന്യ മൂർത്തികളായി വാഴുന്ന ശ്രീകൃഷ്ണനും ശ്രീഭഗവതീയും പടിഞ്ഞാറ് ദർശനമായി വിരാജിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ശക്തികാവ് ശ്രീകൃഷ്ണ ക്ഷേത്രം. 

അനപത്യ ദുഃഖം അനുഭവിക്കുന്ന ദമ്പതികൾക്ക് സന്താനസൗഭാഗ്യം നൽകി അനുഗ്രഹിക്കുന്ന സന്താനമൂർത്തിയുമാണ് ശക്തികാവ് ശ്രീകൃഷ്ണൻ. 

സന്താന ലബ്ധിക്കായി കദളിപ്പഴ പാൽപ്പായസവും സന്താനഗോപാലമന്ത്രാർച്ചനയും വഴിപാടായി നടത്തിയ ഭക്തർക്ക് സൽസന്താനങ്ങളെ നൽകി അനുഗ്രഹിച്ച നൂറുകണക്കിന് അനുഭവങ്ങളാണ് ക്ഷേത്രത്തിന് പങ്കുവെയ്ക്കാനുള്ളത്.

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷാൽ വഴിപാടുകളിലൊന്നായ കൃഷ്ണനാട്ടം, ഈ ക്ഷേത്രത്തിൽ കഴിഞ്ഞ 20 വർഷമായി, (കൊവിഡ് കാലമൊഴികെ)  നടത്താൻ കഴിയുന്നത് കൃഷ്ണാഭീഷ്ടമായാണ് ജനങ്ങൾ വിശ്വസിക്കുന്നത്. 

ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് വളരെ അപൂർവമാണ്  കൃഷ്ണനാട്ടം നടത്താറുള്ളത്. ഇവിടെ നടക്കുന്ന കൃഷ്ണനാട്ടം കാണാൻ ഗുരുവായൂരപ്പൻ എത്താറുണ്ട് എന്ന് ഭക്തർ വിശ്വസിക്കുന്നു.

കേരളത്തിൽ ആദ്യമായി ഭാഗവത സപ്താഹത്തിന് വേദിയൊരുങ്ങിയത്  ശക്തികാവ്  ക്ഷേത്രത്തിൽ ആയിരുന്നു എന്നുള്ളത് ഈ ക്ഷേത്രത്തിൻ്റെ മഹാത്മ്യവും പെരുമയും വർദ്ധിപ്പിക്കുന്നു. 

puthuvasseri press meet

മാത്രവുമല്ല,  ഗുരുവായൂർ മേൽശാന്തിയും, മള്ളിയൂർ തിരുമേനിയും അക്കിത്തം നമ്പൂതിരിപ്പാടും ഈ ക്ഷേത്രത്തിൽ പൂജ നടത്തിയത് ക്ഷേത്രത്തിന്റെ യശ്ശസ്സ് ഉയർത്തി എന്ന് ശക്തികാവ് ക്ഷേത്രം ഊരാളൻ, പുതുവാമന ശിവദാസൻ നമ്പൂതിരിപ്പാടും, ദേവസ്വം മുൻ പ്രസിഡൻ്റ് കെ എസ് ചന്ദ്രമോഹനും, ദേവസ്വം പ്രസിഡൻറ് കെ കെ വിലാസിനിയും  പത്രസമ്മേളനത്തിൽ പറഞ്ഞു. 

ദേവസ്വം സെക്രട്ടറി രവീന്ദ്രനാഥൻ എം ബി യും, എൻ എസ് എസ് കരയോഗം പ്രസിഡൻറ് കൃഷ്ണകുമാർ ഇ ആറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment