ഓർമ്മകളുടെ നൂലിഴകൾ പാകിയ ചിത്രം; രജീഷ് നെയ്തെടുത്തത് അമ്മയുടെ രൂപം

ടെലിവിഷൻ ഷോകളായ ബഡായി ബംഗ്ളാവിലൂടെയും കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധേയനായ ഒരു സിനിമാറ്റിക് ഡാൻസറാണ് 37 വയസ്സുള്ള രതീഷ്.

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
rajeesh

പെരുമ്പാവൂർ: അമ്മ ഓർമ്മയായി മൂന്നു വർഷം പൂർത്തിയായ നാളിൽ സ്നേഹത്തിന്റെ ആത്മാവിഷ്കാരമായി മകൻ തീർത്തത് കാൻവാസ്‌ ബോർഡിൽ നൂലിഴകൾ പാകി അമ്മയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഓർമ്മച്ചിത്രം. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്തു വീട്ടിൽ സി.കെ. രജീഷാണ് 5000 മീറ്റർ കറുത്ത നൂലുകൊണ്ട് അമ്മ അമ്മിണിയുടെ ദീപ്തസ്മരണ പുതുക്കിയത്. ഏതാനും ദിവസങ്ങൾ മുമ്പ് രജീഷ് തന്റെ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം പേജുകളിൽ നൂൽച്ചിത്രനിർമ്മാണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് കൂട്ടുകാരടക്കം ഈ വിവരം പുറത്തറിയുന്നത്.

Advertisment

ടെലിവിഷൻ ഷോകളായ ബഡായി ബംഗ്ളാവിലൂടെയും കോമഡി ഉത്സവത്തിലൂടെയും ശ്രദ്ധേയനായ ഒരു സിനിമാറ്റിക് ഡാൻസറാണ് 37 വയസ്സുള്ള രതീഷ്. ചിത്രകലയിലും ശില്പകലയിലും കഴിവുതെളിയിച്ച വിശ്വകർമ്മ കുടുംബത്തിലെ അംഗമായ രജീഷിന് പക്ഷെ ഡാൻസിനോടാണ് ഏറെ കമ്പം. കൊറോണ കാലത്തിനു മുമ്പുവരെ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ഇപ്പോൾ ജീവിതമാർഗ്ഗം ഫ്ലോർ ടൈൽ പണിയാണ്. പണിയില്ലാത്ത ദിവസങ്ങളിൽ കരകൗശലപ്പണികളിലേർപ്പെടും. ആവശ്യക്കാർ പറയുന്നതനുസരിച്ചുള്ള എന്തും നിർമ്മിച്ചു നൽകും. എഴുപത്തിമൂന്നാം വയസ്സിൽ കൊറോണക്കാലത്ത് ഹൃദയാഘാതം മൂലമായിരുന്നു രജീഷിന്റെ അമ്മയുടെ മരണം.

rajeesh 1.

അമ്മയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു നൂൽച്ചിത്രം നിർമ്മിയ്ക്കാൻ മനസ്സിൽ തോന്നിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നുവെന്ന് രജീഷ് പറഞ്ഞു. ഏഴു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 15 മണിക്കൂറോളം ഇതിനായി മാറ്റിവച്ചു. രണ്ടരയടി സമചതുരത്തിലുള്ള വെളുത്ത കാൻവാസിനു ചുറ്റും കൃത്യമായി ആണിയടിച്ച് പലയിടങ്ങളിൽ നിന്നായിഅതിൽ നൂൽ ബന്ധിച്ചാണ് ചിത്രം രൂപകല്പന ചെയ്തത്. മനസ്സിൽ ആഴത്തിൽ പതിഞ്ഞ അമ്മയുടെ രൂപം,  ഒരു രേഖാചിത്രത്തിലെന്നപോലെ നൂലിഴകളിലൂടെ കാൻവാസിലേയ്ക്ക് പകർത്തി.

1 rajeesh

ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത രതീഷിന്റെ ശ്രമം പക്ഷെ വിജയം കണ്ടു. ആദ്യത്തെ ഉദ്യമം സ്നേഹനിധിയായ അമ്മയുടെ ചിത്രത്തിൽനിന്നു തുടങ്ങാനായതിലും അതിന് സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായം ലഭിച്ചതിലും രജീഷ് സന്തോഷവാനാണ്. എറണാകുളത്ത് സർക്കാർ ജനറൽ ആശുപത്രിയിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നഴ്സ് ആയി ജോലിനോക്കുന്ന ഭാര്യ ആതിരയുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. മൂന്നാം ചരമവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ ഒരു സർപ്രൈസ് ആയാണ് രജീഷ് ചിത്രം പ്രദർശിപ്പിച്ചത്. ജോലിയോടൊപ്പം ഇനിയങ്ങോട്ട് നൂൽച്ചിത്രമെഴുത്തും തുടരാൻ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം. 


ചിത്രം അടിക്കുറിപ്പ്: നൂലുകൊണ്ട് നെയ്തെടുത്ത അമ്മയുടെ ഓർമ്മച്ചിത്രവുമായി സി.കെ. രജീഷ് 

സി.കെ. രജീഷ് മൊബൈൽ നമ്പർ : 9961807361

Advertisment