തോട്ടുവാ ക്ഷേത്രത്തിലെ രുഗ്മിണീ സ്വയം വരത്തിൽ ശിവാനിയുടെ 'ശ്രീകൃഷ്ണൻ' കളിയരങ്ങിലേയ്ക്ക്

New Update
sreek

പെരുമ്പാവൂർ: കഥകളിയാസ്വാദർക്ക് രുഗ്മിണീ സ്വയംവരത്തിലെ ശ്രീകൃഷ്ണന്റെ അഭിനയ രസാനുഭൂതി പകരാനായി കളിവിളക്കിനു മുന്നിലേക്കെത്തുകയാണ് കൂവപ്പടി കൊരുമ്പശ്ശേരി സ്വദേശിനിയും കാലടി ശ്രീശാരദാ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ നെടുമ്പുറത്ത് ശിവാനി സാജു എന്ന പതിനാലുകാരി.

Advertisment

മൂന്നു വർഷമായി ചേലാമറ്റം നാട്യസഭാ കഥകളി വിദ്യാലയത്തിൽ ഗുരു കലാമണ്ഡലം പ്രിജിത്തിനു കീഴിൽ കഥകളി അഭ്യസിയ്ക്കുന്ന  ശിവാനിയുടെ അരങ്ങേറ്റം കഴിഞ്ഞവർഷം ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയിരുന്നു.  

തോട്ടുവാ ശ്രീധന്വന്തരിമൂർത്തി ക്ഷേത്രത്തിലെ ദശാവതാരമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് 7ന് രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണനായി അരങ്ങിലേയ്ക്കെത്തുകയാണ് ശിവാനി. ശിവാനിയുടെ ആദ്യത്തെ കഥയവതരണമായിരിക്കും തോട്ടുവായിലേത്.

sree1.jpg

10 വർഷമായി  ഗുരു കലാമണ്ഡലം അമ്പിളിയുടെ കീഴിൽ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചുവരുന്ന ഈ മിടുക്കിയ്ക്ക് ഇത്തവണ സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോഹിനിയാട്ടത്തിന് 'എ'ഗ്രേഡ് നേടാനായി.  

കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ മേജർ സെറ്റ് കലാകാരന്മാരോടൊപ്പമാണ് ശിവാനിയുടെ കഥയരങ്ങേറ്റം. കൂട്ടുകാരായ ദേവനന്ദ അരുൺ, അനന്യ ചന്ദ്രൻ എന്നിവരാണ് പുറപ്പാടിൽ എത്തുന്നത്. രുഗ്മിണിയായി കലാനിലയം മനോജ്, സുന്ദരബ്രാഹ്മണവേഷത്തിൽ ആർ.എൽ.വി. പ്രമോദ് എന്നിവരാണ് അരങ്ങിലെത്തുന്നത്.

കലാമണ്ഡലം ബൈജു, കലാമണ്ഡലം സഞ്ജയ് എന്നിവർ പാട്ടിലും ചെണ്ടയിൽ കലാമണ്ഡലം ആകാശ്, മദ്ദളത്തിൽ കലാമണ്ഡലം വിഷ്ണു എന്നിവരുമുണ്ട്. ഏരൂർ മനോജ് ചുട്ടിയും അലങ്കാരങ്ങളും കൈകാര്യം ചെയ്യുന്നു.

sree2

എരൂർ ശ്രീഭവാനീശ്വരി കഥകളിയോഗംത്തിനു കീഴിൽ എരൂർ ശശി, തൃപ്പൂണിത്തുറ ശശി, എരൂർ സുധൻ എന്നിവർ അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കും. വല്ലം ജംഗ്‌ഷനിൽ നെടുമ്പുറത്ത് ജ്വല്ലറി നടത്തുന്ന സാജു നെടുമ്പുറമാണ് ശിവാനിയുടെ അച്ഛൻ, രൂപയാണ് അമ്മ. ഇളയ സഹോദരി വേദിക എസ്. നായർ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുന്നു.

Advertisment