/sathyam/media/media_files/2025/11/05/76bf4e7b-145e-49ff-9b32-b0737077d79e-2025-11-05-20-05-40.jpg)
കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്.
സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേനന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/11/05/8998e4e6-a9cf-4db0-9e0f-6248d740461c-2025-11-05-20-06-09.jpg)
സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്‌ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു.
ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളും ഡാറ്റാ സംയോജനവും വേണം. നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും മാപ്പിംഗിനും നിർണായകമാണ്. തത്സമയ വിവരശേഖരണവും നിരീക്ഷണ പരിധിയും മെച്ചപ്പെടുത്തുന്നതിനായി ബോയികളുടെയും ആളില്ലാ വ്യോമ വാഹനങ്ങളുടെയും വിന്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്.
സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഡേറ്റ ശേഖരിക്കാൻ കഴിവുള്ള ആഴക്കടൽ സെൻസറുകൾ രാജ്യത്തിന് ആവശ്യമാണ്. നിർമിത ബുദ്ധി സമുദ്ര ഡേറ്റ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് വിശകലനം, പ്രവചന മാതൃകകൾ എന്നിവക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിംപോസിയം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന അധ്യക്ഷത വഹിച്ചു.
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന: കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന വിഷയമാണെന്ന്് കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി സി എസ് ആർ റാം പറഞ്ഞു. സമുദ്ര സുരക്ഷ, വ്യാപാരം, നീല സമ്പദ്വ്യവസ്ഥയുടെ വികസനം എന്നിവയ്ക്ക് ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ ജി. ഗോപകുമാറിന് ഡോ എസ്. ജോൺസ് സ്മാരക പുരസ്‌കാരം
നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു.
സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി.
ഡോ. പി. കൃഷ്ണൻ, ഡോ ചെർദ്സാക് വിരാപട്,് ഡോ ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട സ്വാമി, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us