കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശിർവാദ് മൈക്രോ ഫിനാൻസിന്റെ പ്രസിഡന്റ് ആന്റ് സിഇഒ ആയി സതീശ് നായർ നിയമിതനായി.
വാസ്തു ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ട്രഷറി, കോർപ്പറേറ്റ് വിഭാഗങ്ങളുടെ തലവനായി പ്രവർത്തിച്ച സതീശിന്, വായ്പ, ബിസിനസ് വികസനം, നിക്ഷേപക ബന്ധങ്ങൾ, സ്ഥിരവരുമാന ഗവേഷണം, മാർക്കറ്റിംഗ് തുടങ്ങിയ മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുണ്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ ഫിച്ച് റേറ്റിംഗ്, ഇന്ത്യ റേറ്റിംഗ് ആന്റ് റിസർച്ച്, ബ്രിക്ക് വർക്ക് റേറ്റിംഗ് എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട്.
ആശിർവാദ് മൈക്രോ ഫിനാൻസിന്റെ സുസ്ഥിര ബിസിനസ് വളർച്ചയ്ക്ക് സതീശിന്റെ നേതൃത്വ മികവ് മുതൽകൂട്ടാകുമെന്ന് ആശിർവാദ് മൈക്രോ ഫിനാൻസ് ചെയർമാൻ വി പി നന്ദകുമാർ പറഞ്ഞു. "മൈക്രോ ഫിനാൻസ് മേഖല വളർച്ച കൈവരിക്കുന്ന സമയത്താണ് ആശിർവാദ് ടീമിനെ നയിക്കാൻ സതീശ് എത്തുന്നത്. സ്ഥാപനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട്, ബിസിനസ് വർധിപ്പിക്കാൻ സതീശിന് സാധിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ധനകാര്യ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയം ആശിർവാദ് മൈക്രോ ഫിനാൻസിന് കരുത്തേകും."- നന്ദകുമാർ അഭിപ്രായപ്പെട്ടു.
മൂന്നാമത്തെ വലിയ മൈക്രോ ഫിനാൻസ് സ്ഥാപനമായ ആശിർവാദിന് രാജ്യത്തുടനീളം 1,684 ശാഖകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ആശിർവാദ് മൈക്രോ ഫിനാൻസിന്റെ മൊത്തം ആസ്തി മൂല്യം 10,000 കോടി രൂപക്ക് മുകളിലാണ്.