"സുസ്ഥിര വികസനം, ഭാവിയുടെ കാഴ്ചപ്പാടുകൾ" അന്താരാഷ്ട്ര സമ്മേളനത്തിന് വ്യാഴാഴ്ച  കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തുടക്കമാകും

അന്തർ ദേശീയ സമ്മേളനത്തിന് മുന്നോടിയായി നാളെ ചൊവ്വ രാവിലെ 7 മണിക്ക് കോഴിപ്പിള്ളി പാര്‍ക്ക് മുതല്‍ എം. എ. കോളേജ് വരെ ഗ്രീൻ മൈൽസ് എന്ന പേരിൽ മാരത്തോൺ ഓട്ടവും നടക്കും

New Update
mar

കോതമംഗലം:പരിസ്ഥിതിക്ക് ദോഷം വരുത്താതെ, ഭാവി തലമുറയ്ക്കായി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് നടത്തുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള ദ്വിദിന അന്തർദേശീയ സമ്മേളനം ഐക്കോ സസ്സ്റ്റൈൻ-26ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വ്യാഴാഴ്ച തുടക്കമാകും.

Advertisment

കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, എം. എ. കോളേജ് അസോസിയേഷന്റെ മുഖ്യ സഹകരണത്തോടെ കോമേഴ്‌സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബി വോക് വിഭാഗങ്ങൾ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ്‌ മാൾട്ടയിലെ ലക്ചറർ ഗബ്രിയേല ബോര്‍ഡ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ സംസാരിക്കും.

സുസ്ഥിര വികസനവും, നവീകരണവും എന്ന വിഷയത്തിൽ അന്തര്‍ ദേശീയ സംവാദങ്ങളും വാണിജ്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങള്‍, പരിസ്ഥിതി പഠനം, കാലാവസ്ഥ വ്യതിയാനം,ദുരന്തനിവാരണവും മാനേജ്മെന്റും, ആരോഗ്യം, ഫിറ്റ്നസ്, സംസ്കാരം, നവീന സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള  സമ്മേളനമാണ് നടക്കുന്നത്.

ഇന്ത്യയിലെയും, വിദേശ രാജ്യങ്ങളിലെയും പ്രമുഖരായ വിദഗ്ധരും, ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രഭാഷണങ്ങൾ നടത്തും.

സമ്മേളന ത്തിന്റെ ഭാഗമായി പ്രബന്ധ അവതരണങ്ങളും, പാനൽ ചർച്ചയും,ബഡ്ജെറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കെ എസ് ആർ ടി സി ബസിൽ തട്ടേക്കാട് പക്ഷിസങ്കേതം,കുട്ടമ്പുഴ, പൂയംകുട്ടി എന്നിവിടങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനം എന്നിവ നടക്കും.

അന്തർ ദേശീയ സമ്മേളനത്തിന് മുന്നോടിയായി നാളെ ചൊവ്വ രാവിലെ 7 മണിക്ക് കോഴിപ്പിള്ളി പാര്‍ക്ക് മുതല്‍ എം. എ. കോളേജ് വരെ ഹരിതാഭവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്കുള്ള ഓട്ടം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്  ഗ്രീൻ മൈൽസ് എന്ന പേരിൽ മാരത്തോൺ ഓട്ടവും നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കോർഡിനേറ്റർ ഡോ. ഡയാന ആൻ ഐസക്, കൺവീനർ ഡോ. പുതുമ ജോയ് എന്നിവർ പറഞ്ഞു

Advertisment