ശബ്ദാനുകരണകലയിലെ പഴയതാരം സോമൻ കൊട്ടാരത്തിൽ വിടവാങ്ങി

New Update
soman

പെരുമ്പാവൂർ: മിമിക്രി എന്ന ശബ്ദാനുകരണകലയിൽ മൂന്നു പതിറ്റണ്ടുകൾക്കു മുമ്പ് പെരുമ്പാവൂർ മേഖലയിൽ അറിയപ്പെട്ടിരുന്ന കലാകരനായിരുന്ന കൂവപ്പടി കൊട്ടാരത്തിൽ സോമൻ വിടവാങ്ങി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു.

Advertisment

1990-കളിൽ സജീവമായി ഈ രംഗത്തുണ്ടായിരുന്ന സോമന്റെ മിമിക്രിയിലെ കഴിവ് കണ്ടെത്തിയത് കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലെ അധ്യാപകരും അന്ന് മിമിക്രിവേദികളിൽ സജീവമായിരുന്ന സഹപാഠിയായിരുന്ന കല്ലമ്പലം വിജയനുമായിരുന്നു.

25 വയസ്സുള്ളപ്പോൾ കലമ്പലം മിമിക്സ് എന്ന ട്രൂപ്പിലൂടെ കേരളത്തിൽ അനവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചു. ചങ്ങനാശ്ശേരി ക്ലാസിക്സ് എന്ന ട്രൂപ്പിലേയ്ക്ക് വിജയനൊപ്പം സോമനും ക്ഷണം ലഭിച്ചതോടെയാണ് കൂടുതൽ ശ്രദ്ധേയനായത്. നടൻ ജനാർദ്ദനന്റെയും തിലകന്റെയും ശബ്ദാനുകരണമായിരുന്നു സോമന്റെ അക്കാലത്തെ മാസ്റ്റർപീസ്. പിൽക്കാലത്ത് നർമ്മത്തിന്റെ മേമ്പൊടിയോടെ വേദിയിൽ സ്കിറ്റുകളും അവതരിപ്പിച്ചുപോന്നു.

സോമന്റെ അമ്മ പരേതയായ കൊട്ടാരത്തിൽ ഭാരതിയമ്മയുടെ അച്ഛൻ എക്സൈസ് ഉദ്യോഗസ്ഥനും ഹരിപ്പാടുകാരനായ 'ബഫൂൺ കേശവപിള്ള' അറിയപ്പെടുന്ന ഒരു ചവിട്ടുനാടക കലാകാരനായിരുന്നു. മുത്തച്ഛന്റെ നർമ്മബോധം പാരമ്പര്യമായികിട്ടിയതാകാം എന്ന് സോമൻ പറയുമായിരുന്നു.

ഘനഗാംഭീര്യമുള്ള ശബ്ദത്തിനുടമയായിരുന്നതിനാൽ ആദ്യകാലങ്ങളിൽ കലാസാംസ്കാരിക വേദികളിൽ അനൗൺസറായി സോമനെ സംഘാടകർ വന്നു വിളിച്ചുകൊണ്ടുപോകുമായിരുന്നു. കുറേയേറെക്കാലം കമ്പിത്തപാൽ വകുപ്പിൽ ടെലഗ്രാം മെസ്സഞ്ചറായി ജോലിയുണ്ടായിരുന്നു.

പിന്നീട് പലസ്ഥാപനങ്ങളിലും സെക്യൂരിറ്റി ജോലിനോക്കിയാണ് ജോലിനോക്കിയാണ് ജീവിച്ചുപോന്നത്. ലളിതയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് അയ്മുറി ചേലാട്ടുകാവിനടുത്ത് വീട്ടുവളപ്പിൽ നടന്നു.

Advertisment