/sathyam/media/media_files/6dioJOqEYAop4yiVP2ug.jpg)
പെരുമ്പാവൂർ: പോക്കുവെയിലിന്റെ മനോഹാരിതയിൽ ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂർ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിന്റെ വിശാലമായ മൈതാനത്ത് കേരളീയത്തനിമയിൽ കസവണിഞ്ഞെത്തിയ 3000-ലേറെ വനിതകൾ 18 വൃത്തങ്ങൾക്കുള്ളിൽ നിന്ന് ആതിരപ്പാട്ടുകൾക്കൊത്ത് മനംനിറഞ്ഞാടിയപ്പോൾ കാഴ്ചക്കാരായെത്തിയ ആയിരങ്ങൾക്ക് അതൊരു അപൂർവ്വാനുഭവമായി. ലയലാസ്യ, ദ്രുത ശരീരചലനങ്ങളോടെ 7 വയസ്സുള്ള പെൺകുട്ടികൾ മുതൽ 75 വയസ്സുള്ള മുതിർന്ന അമ്മമാരടക്കമുള്ള വനിതകൾ മെഗാതിരുവാതിരക്കളിയുടെ ഭാഗമായി. എൻ.എസ്.എസ്. കുന്നത്തുനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം.
ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ടാണ് 'പാർവ്വണേന്ദു -2024' മെഗാ തിരുവാതിരക്കളി അരങ്ങേറിയത്. കരയോഗയൂണിയനു കീഴിലെ ഏകദേശം 90 കരയോഗങ്ങളിൽ നിന്നുള്ള വനിതകളുടെ പങ്കാളിത്തത്തിൽ ആണ് പരിപാടി നടന്നത്. നാടിന്റെ നാനാഭാഗത്തു നിന്നും പരിപാടി കാണാൻ ആളുകളെത്തിയിരുന്നു. പിന്നണിഗായിക കെ.എസ്. ചിത്രയുടെ ആലാപനം കൊണ്ട് ശ്രദ്ധേയമായ ഉണ്ണിഗണപതി തമ്പുരാനും എന്നു തുടങ്ങുന്ന ഗാനത്തോടെയായിരുന്നു തുടക്കം. 15 മിനുട്ടോളം നീണ്ടുനിന്ന തിരുവാതിരക്കളിയിൽ വിഫലം തേ വൈരസേനേ, വീരവിരാട കുമാരവിഭോ, ആയമുള്ള രത്തന്മാരിൽ, അമ്പിളിത്തെല്ലണിയുന്ന തമ്പുരാന്റെ, പരമശിവനേവം പാർവ്വതി വല്ലഭ, തുടങ്ങിയ പ്രശസ്തമായ പാട്ടുകളും ഉണ്ടായിരുന്നു.
കുമ്മനോട് എൻ.എസ്.എസ്. കരയോഗാംഗവും പട്ടിമറ്റം മാർ കുറിലോസ് ഹയർസെക്കന്ററി സ്‌കൂളിലെ സംഗീതാധ്യാപികയുമായ വീണ അനൂപാണ് ഈശ്വരപ്രാർത്ഥനയും പ്രത്യേകം ചിട്ടപ്പെടുത്തിയ ലഹരിവിരുദ്ധസന്ദേശഗാനവും വേദിയിൽ ആലപിച്ചത്. സമാപനവേളയിൽ നടന്ന സാംസ്‌കാരിക പരിപാടിയ്ക്ക് എൻ.എസ്. എസ്. വനിതാ യൂണിയൻ സെക്രട്ടറി ബിന്ദു മുരളീധരൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി. എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രഞ്ജിത്ത് എസ്. മേനോൻ സ്വാഗതം പറഞ്ഞു.
ചടങ്ങിന്റെ ഔപചാരികമായ ഉദ്‌ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ നിർവ്വഹിച്ചു. തിരുവാതിര ചിട്ടപ്പെടുത്തിയ അനിത കൃഷ്ണനെ ചടങ്ങിൽ രേഖ സി. നായർ ആദരിച്ചു. പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ്ബ് മാലിന്യ മുക്ത പ്രതിജ്ഞയും എറണാകുളം ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. ടെനിമോൻ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളായി കെ.പി. കൃഷ്ണകുമാർ, എ.ടി. അജിത്കുമാർ, എൻ.പി. അജയകുമാർ, സിന്ധു അരവിന്ദ്, നിതാമോൾ എം.വി., സി.കെ. രാമകൃഷ്ണൻ, ജോൺ ജേക്കബ്ബ്,ടി. ജവഹർ, പോൾ പാത്തിയ്ക്കൽ, സിദ്ധിഖ് വടക്കൻ, അനിത ജി., അനിത രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധ സന്ദേശം വിളംബരം ചെയ്തുകൊണ്ട് ഹൈഡ്രജൻ ബലൂണുകൾ വാനിലുയർത്തുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.