/sathyam/media/media_files/img-20240718-wa0025.jpg)
പെരുമ്പാവൂർ: ആരോഗ്യപരിരക്ഷയ്ക്ക് അത്യുത്തമമെന്ന വിശ്വാസത്തിലാണ് ആയുർവ്വേദാചാര്യനായ തോട്ടുവയിലെ ധന്വന്തരിമൂർത്തിയുടെ മുക്കുടി നിവേദ്യം വർഷത്തിൽ രണ്ടുതവണ ഭക്തർ സേവിയ്ക്കുന്നത്.
കർക്കടകത്തിലെ മുക്കുടി വിതരണം തിങ്കളാഴ്ചയാണ്. ഇതിനു മുന്നോടിയായി ധന്വന്തരി ഹോമം നടക്കും. പ്രത്യേക പൂജകൾക്കുശേഷമാണ് മുക്കുടി നൽകുന്നത്. ഔഷധസമാനമായി കാണുന്ന ഈ ദ്രവരൂപത്തിലുള്ള നിവേദ്യം വർഷത്തിൽ രണ്ടുതവണയാണ് ഭക്തർക്കു ലഭിയ്ക്കുന്നത്.
/sathyam/media/media_files/img-20240718-wa0026.jpg)
പുളിയാറില, പനിക്കൂർക്കയില, മുക്കുറ്റി, മഞ്ഞൾപ്പൊടി, കുരുമുളക്, അയമോദകം, ജീരകം, ചുക്ക്, ഇന്തുപ്പ്, പുളിയില്ലാത്ത മോര് ഇവ ആയൂർവ്വേദവിധിപ്രകാരം ചേർത്ത് മൺകലത്തിൽ തയ്യാറാക്കിയെടുക്കുന്നതാണ് മുക്കുടി. മേൽശാന്തി നേരിട്ടാണ് ഔഷധക്കൂട്ടു തയ്യാറാക്കി ദേവന് നിവേദിയ്ക്കുന്നത്.
/sathyam/media/media_files/img-20240718-wa0027.jpg)
നാടിന്റെ പലഭാഗത്തുനിന്നും കർക്കടകത്തിലെ മുക്കുടിയ്ക്കായി ഭക്തരെത്തുക പതിവാണ്. മകരത്തിലും കർക്കടകത്തിലും തിരുവോണം നാളിലാണ് ഈ വഴിപാട്. ശ്രീകോവിലിനുള്ളിൽ ഔഷധക്കൂട്ട് നിവേദിച്ച് രാവിലെ 7 മുതൽ പ്രസാദമായി ഭക്തജനങ്ങൾക്കു നൽകും. ധന്വന്തരി ഹോമത്തിൽ പങ്കെടുക്കാൻ ആയുർവ്വേദ ഡോക്ടർമാരടക്കം എത്താറുണ്ട്.
രോഗശമനത്തിനായി പ്രത്യേക വഴിപാടുകളുള്ള ക്ഷേത്രമാണ് തോട്ടുവയിലേത്. ഔഷധം സേവിച്ച് വിശ്രമിച്ച് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ തിരുവോണമൂട്ടിലും പങ്കെടുത്താണ് ഭക്തർ മടങ്ങുക. വൈകിട്ട് മുഴുക്കാപ്പ്, നിറമാല,ചുറ്റുവിളക്ക് എന്നിവയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us