അടിമാലി:∙ ക്ഷേമപെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് മൺചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു’’– മറിയകുട്ടി പറഞ്ഞു.
‘അല്ല സാറേ, ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ഞാൻ പറയുമെന്ന് മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങൾക്ക് മഞ്ഞക്കാർഡ് ഇല്ല. അതു സിപിഎംകാർക്കുള്ളതാ’. പിന്നാലെ, ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു.