തൊടുപുഴ: കൊച്ചിയുടെ ഉപഗ്രഹനഗരമായ തൊടുപുഴയ്ക്ക് ധാരാളം വികസനം വന്നിട്ടുണ്ടെങ്കിലും ഇനിയും ധാരാളം മുന്നോട്ടു പോകാനുണ്ട്. അതിൽ പ്രധാനമായാത് യാത്രാബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ തൊടുപുഴയ്ക്ക് നീട്ടി കാക്കനാട് ഇൻഫോപാർക്ക് വഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കണക്ട് ചെയ്‌താൽ അത് ഇടുക്കി ജില്ലയ്ക്ക് മാത്രമല്ല കേരളത്തിന് തന്നെ വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കും. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ചരിത്രത്തിലെ ബാലറ്റിലൂടെ അധികാരം പിടിച്ചെടുത്ത രാജു തരണിയിൽ സ്ഥാനം ഏറ്റെടുത്തുകൊണ്ട് സംസാരിച്ചു.
കൂടാതെ, മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കണം. കാഞ്ഞിരമറ്റം പാലം പൂർത്തീകരിച്ച് അതിനോട് അനുബന്ധിച്ചുള്ള റോഡിന്റെ നിർമ്മാണവും എത്രയും പെട്ടന്ന് പൂർത്തീകരിക്കണം.
മങ്ങാട്ടുകവലയിളും ടൗണിന്റെ വിവിധ മേഖലകളിലുമുള്ള വെള്ളക്കെട്ട് പരിഹരിക്കണം. ചെറിയ മഴ പെയ്താൽ പോലും മങ്ങാട്ടുകവല ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ധാരാളം കച്ചവടക്കാർക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് അടിയന്തരമായി പരിഹരിക്കണം.
ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന വൻകിട കുത്തകകളുടെ കടന്നു കയറ്റം അവസാനിപ്പിക്കണം. ജിഎസ്ടിയിലെ അപാകത പരിഹരിക്കണം. വ്യാപാരമാന്ദ്യം മൂലം ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന വ്യാപാരികളുടെ കടം എഴുതിതള്ളണം.
ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് ഇടുക്കി ജില്ലയ്ക്കുള്ളത്, പ്രത്യേകിച്ച് തൊടുപുഴയ്ക്ക്. മലങ്കരയിൽ ദുബായിലുള്ള പോലെ വൻ പദ്ധതികൾ നടപ്പിലാക്കണം. തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു.
മുൻ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സജി പോൾ സ്വാഗതവും, ജില്ലാ ട്രഷറർ ആർ. രമേശ്, ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോ, സംഘടനയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ പ്രസിഡന്റിനെ അനുമോദിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ നവാസ് നന്ദി പറഞ്ഞു.