ഇടുക്കി: ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് ജില്ലാ ഭരണകൂടം മാനദണ്ഡങ്ങളേർപ്പെടുത്തി. ഡിടിപിസിയുടെ മേൽനോട്ടത്തിൽ കേന്ദ്രീകൃത ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും.
നിരക്കും ഓരോ ജീപ്പിൽ യാത്ര ചെയ്യേണ്ട സഞ്ചാരികളുടെ എണ്ണവും നിജപ്പെടുത്തും. ഡ്രൈവറെ കൂടാതെ പരമാവധി ഏഴ് ആളുകളെ മാത്രമേ ഒരു ജീപ്പിൽ കയറ്റൂ. ജീപ്പുകൾക്ക് ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം.
രാവിലെ നാല് മുതൽ വൈകീട്ട് ആറ് വരെ മാത്രമായിരിക്കും ഓഫ് റോഡ് സഫാരി. റൂട്ടിന്‍റെ ദൈർഘ്യം അനുസരിച്ച് ഒരു ജീപ്പിന് പരമാവധി ഒരു ദിവസം രണ്ട് ട്രിപ്പ് മാത്രമേ അനുവദിക്കൂ.
അംഗീകൃത ഓഫ് റോഡ് പാതകളിൽ മാത്രമേ സഫാരി അനുവദിക്കൂ എന്നും ഇവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പിന്നാലെ ഐഎൻടിയുസി പ്രതിഷേധവുമായി രംഗത്തെത്തി.
ഒരാഴ്ച മുൻപ് വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജീപ്പ് സഫാരി നിരോധിച്ച് കളക്ടർ വി വിഗ്നേശ്വരി ആദ്യം ഉത്തരവിറക്കി. പിന്നാലെയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.