/sathyam/media/media_files/2025/10/21/congress-2025-10-21-15-02-14.jpg)
തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്ത് വാർഡ് സംവരണ നറുക്കെടുപ്പ് പൂർത്തിയായി.
ആകെ 17 വാർഡുകൾ ഉൾപ്പെടുന്ന ഇടുക്കിയിൽ 8 വനിതാ സംവരണ വാർഡുകളും, 1 പട്ടികജാതി വനിതാ വാർഡും, 1 പട്ടികവർഗ വാർഡും, 1 പട്ടികജാതി ജനറൽ വാർഡും, 6 ജനറൽ വാർഡുകളും നിശ്ചയിച്ചിരിക്കുകയാണ്.
നറുക്കെടുപ്പ് പൂർത്തിയായതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിനായി സജീവമായ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുന്നു.
കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ശ്രദ്ധ ആകർഷിക്കുന്നതുപോലെ ഈ തവണയും കരിമണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചൂട് പകരാനാണ് സാധ്യത.
അതിർത്തികൾ പുനക്രമീകരിച്ചതോടെ പുതുരൂപത്തിലാണ് ഈ തവണ കരിമണ്ണൂർ ഡിവിഷൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
കരിമണ്ണൂരിന്റെ തെരഞ്ഞെടുപ്പ് പാത
1995-ലാണ് കരിമണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിജു കൃഷ്ണൻ വിജയിക്കുകയായിരുന്നു.
സിപിഐഎം നേതാവ് എം. സി. മാത്യു പരാജയപ്പെട്ടു. തുടർന്നുള്ള 2000-ൽ കോൺഗ്രസ് സ്ഥാനാർത്ഥി സരോജിനി ചന്ദ്രൻ വിജയിച്ചു.
2005-ൽ റോയി കെ. പൗലോസ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ. എം. സോമൻ പരാജയപ്പെട്ടു.
2010-ൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ദു സുധാകരൻ ജയിച്ചു. അതിനുശേഷം വണ്ണപ്പുറം പഞ്ചായത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കി കുമാരമംഗലം പഞ്ചായത്തിലെ ഭാഗങ്ങൾ ചേർത്തു. 2015-ൽ കോൺഗ്രസിന്റെ മനോജ് തങ്കപ്പൻ വിജയിച്ചു.
2020-ൽ വനിതാ സംവരണ വാർഡായപ്പോൾ ഇന്ദു സുധാകരൻ വീണ്ടും വിജയം നേടി. അന്നത്തെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി കേരള കോൺഗ്രസ് (മാണി) വിഭാഗമാണ് മത്സരിച്ചത്.
പുതിയ അതിർത്തികളോടെ കരിമണ്ണൂർ
2025-ലെ തെരഞ്ഞെടുപ്പിൽ കരിമണ്ണൂർ ഡിവിഷനിൽ 7 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളാണ് ഉൾപ്പെട്ടിരിക്കുന്നത്
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഇടവെട്ടിയും, ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ചീനിക്കുഴി, പെരിങ്ങാശ്ശേരി, ഉടുമ്പന്നൂർ, ആലക്കോട്, കരിമണ്ണൂർ, നെയ്യശ്ശേരി ഡിവിഷനുകളുമാണ് ഇവ. അറുപതിനായിരത്തിലധികം വോട്ടുകൾ ഉൾപ്പെടുന്ന ഈ ഡിവിഷനിൽ കരിമണ്ണൂർ, നെയ്യശ്ശേരി, ഉടുമ്പന്നൂർ മേഖലകളിലാണ് വോട്ടർ സാന്നിധ്യം കൂടുതലുള്ളത്.
അതിനാൽ മുന്നണികൾ ഈ പ്രദേശത്തെ വികസനപ്രതിബദ്ധതയും രാഷ്ട്രീയ തന്ത്രങ്ങളും മുൻനിർത്തി പ്രവർത്തനരംഗത്തിറങ്ങുന്നുണ്ട്.
മുന്നണികളിലെ നീക്കങ്ങൾ
ഐക്യ ജനാധിപത്യ മുന്നണിയിൽ കരിമണ്ണൂർ ഡിവിഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മത്സരിക്കുമെന്നത് ഉറപ്പാണ്.
സ്ഥാനാർത്ഥിത്വത്തിനായി പലരും മോഹികളായിരിക്കുമ്പോഴും അന്തിമ തീരുമാനം കെപിസിസിയാണ് എടുക്കുക.
കരിമണ്ണൂർ സ്വദേശിയും കോൺഗ്രസിന്റെ വിവിധ ഘടകങ്ങളിലായി ദീർഘകാലം പ്രവർത്തന പരിചയമുള്ള മനോജ് കോക്കാട്ട് സ്ഥാനാർത്ഥിയായി ഉയർന്നുവരാനുള്ള സാധ്യത കൂടുതൽ എന്നാണ് വിലയിരുത്തൽ.
സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലെയും പരിസ്ഥിതി സൗഹാർദ്ദ ഇടപെടലുകളിലെയും സജീവ പങ്കാളിത്തം, കൂടാതെ തൊഴിൽനേടിയ ശേഷം രാഷ്ട്രീയപ്രവർത്തനം തുടരണമെന്ന വ്യത്യസ്തമായ നിലപാട് എന്നിവയും മനോജിന് കൂടുതൽ പിന്തുണ നേടിക്കൊടുക്കുമെന്ന് കരുതപ്പെടുന്നു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ മാത്യു കെ. ജോണും സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ട്.
2020ലെ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം നടന്ന പ്രത്യേക ഇടപെടലുകളുടെ ഫലമായി മത്സര രംഗത്തിറങ്ങിയ മാത്യു, ഇത്തവണയും സ്ഥാനാർത്ഥിത്വത്തിനായി സജീവമായ നീക്കങ്ങൾ നടത്തുകയാണ്.
അതേസമയം, ഹൈറേഞ്ച് സ്വദേശിയും തൊടുപുഴയിൽ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ ടോണി തോമസും സ്ഥാനാർത്ഥിത്വത്തിനായി ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥിത്വം അന്തിമമായി തീരുമാനിക്കുന്നത് ഇടുക്കി എംപിയും കെപിസിസി രാഷ്ട്രീയ നിർവാഹക സമിതി അംഗവുമായ ഡീൻ കുര്യാക്കോസിന്റെയും കെപിസിസി വൈസ് പ്രസിഡന്റായ റോയി കെ. പൗലോസിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരള കോൺഗ്രസ് (മാണി) വിഭാഗം സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടിലാണ്.
കഴിഞ്ഞതവണ മൂലമറ്റം ഡിവിഷനിൽ പരാജയപ്പെട്ട റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവരാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരിമണ്ണൂരിൽ പരാജയപ്പെട്ട റിനു ജെഫിന്റെ പേരും മുന്നിൽ വരുന്നു.
സിപിഐഎം ഈ ഡിവിഷൻ ഏറ്റെടുക്കുകയാണെങ്കിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ലതീഷ് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.
ബിജെപി കരിമണ്ണൂരിൽ നിർണായക ശക്തിയല്ലെങ്കിലും, സ്ഥാനാർത്ഥിയെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.
പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.
അതേസമയം ആം ആദ്മി പാർട്ടിയും കരിമണ്ണൂരിൽ മത്സരിക്കാനുള്ള നീക്കത്തിലാണ്.
ബേസിൽ ജോൺ ആയിരിക്കും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെന്നാണു കരുതുന്നത്.
എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്കും പഴയ സഹപ്രവർത്തകരുടെ വിമർശനങ്ങൾക്കും കാരണം പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്.
വിജയ സാധ്യത — കടുത്ത പോരാട്ടം പ്രതീക്ഷിക്കാം
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് വിജയസാധ്യത നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ചരിത്രപരമായി കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്ന കരിമണ്ണൂർ മണ്ഡലം ഇത്തവണയും അതേ നിലപാട് തുടരാൻ സാധ്യതയുണ്ട്.
അതേസമയം കഴിഞ്ഞതവണ വനിതാ സ്ഥാനാർത്ഥികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ കോൺഗ്രസിന് അല്പഭൂരിപക്ഷ വിജയം മാത്രമാണ് ലഭിച്ചത്. അതിനാൽ ഈ തവണയും കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസും എൽഡിഎഫും തമ്മിൽ പൊരിഞ്ഞു കത്തുന്ന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കും കരിമണ്ണൂരിൽ നടക്കുക.
ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ നിലപാട് തെളിയിക്കാൻ രംഗത്ത് ഇറങ്ങുമ്പോൾ, കരിമണ്ണൂർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറും.