/sathyam/media/media_files/2025/02/01/5dsBQ0v40Hhhgw4i4A5S.jpg)
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിയുടെ ഇ-മെയിൽ ഐ.ഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തൃശൂർ കളക്ടർ മുഖേന വിവരം ഇടുക്കി ജില്ലാ കളക്ടർക്ക് കൈമാറിയതിനെ തുടർന്ന് ഉടൻ തന്നെ മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അണക്കെട്ടിൽ വിപുലമായ പരിശോധന നടത്തി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതൊരു വ്യാജ ഭീഷണി സന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. ഇതിന് പിന്നാലെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സന്ദേശം അയച്ച ഇ-മെയിൽ ഐഡിയുടെ വിവരങ്ങൾ തേടി പോലീസ് മൈക്രോസോഫ്റ്റിനും കത്ത് അയച്ചിട്ടുണ്ട്.