/sathyam/media/media_files/2025/09/12/3283f65a-fc66-4494-bd92-cdb8834a2899-2025-09-12-14-20-23.jpg)
ഇടുക്കി: ജീവകാരുണ്യ രംഗത്ത് 25 വർഷത്തെ സേവനപരമ്പര പുലർത്തുന്ന സാന്ത്വനം കുവൈറ്റിന്റെയും, 27 വർഷമായി പശുപ്പാറയിൽ പ്രവർത്തിക്കുന്ന പശുപ്പാറ പീപ്പിൾസ് ക്ലബ് & ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിച്ച പാലിയേറ്റീവ് സെന്ററും കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കും. സാന്ത്വനം കുവൈറ്റ് പ്രസിഡന്റ് ജ്യോതിദാസ് പി.എൻ. അദ്ധ്യക്ഷത വഹിക്കും. 38 ലക്ഷം രൂപ ചെലവിൽ സാന്ത്വനം കുവൈറ്റിന്റെ സ്പെഷ്യൽ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയതാണ് ഈ മഹത്തായ സംരംഭം. 2024 ജൂലൈ 7-ന് അന്തരിച്ച മുൻ എം.എൽ.എ. വാഴൂർ സോമൻ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയായി.
റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരാനാംകുന്നേൽ നിർവഹിക്കും. ഓണക്കിറ്റ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ നിർവഹിക്കും. വിവിധ അവാർഡുകളുടെ വിതരണം ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ് നിർവഹിക്കും.
വായനാ വസന്തത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. ബാബു നിർവഹിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം മലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് നിർവഹിക്കുകയും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. ബിനു മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
വിവിധ പഞ്ചായത്ത് പ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും മതപുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കും. അന്നേ ദിവസം പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും സ്നേഹവിരുന്ന്, കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.