New Update
/sathyam/media/media_files/2025/10/11/idukki-2025-10-11-15-47-14.jpg)
കായിക നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ട് ജില്ലയിലെ കായിക മേഖല പൂര്‍ണ്ണമായും മാര്‍ക്സിസ്റ്റു വല്‍ക്കരിക്കാന്‍ ഗൂഢ നീക്കം നടക്കുന്നു: ആം റെസ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും, മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായ മനോജ് കൊക്കാട്ട്
Advertisment
ഇടുക്കി: 2019 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പു നടത്തി അധികാരത്തിലേറിയ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ 5 വര്‍ഷത്തെ കാലാവധി 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയായതാണ്. കാലാവധി പൂര്‍ത്തിയായി 1 വര്‍ഷവും 8 മാസവും കഴിഞ്ഞിട്ടും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതികള്‍ എല്ലാ ജില്ലകളിലും തുടര്‍ന്നു വരികയായിരുന്നു. കാലാവധി പൂര്‍ത്തിയായ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പുന: സംഘടിപ്പിച്ചുവെങ്കിലും, കാലാവധി പൂര്‍ത്തിയായ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ യാതൊരുവിധ സര്‍ക്കാര്‍ ഉത്തരവുകളുമില്ലാതെ നിയമ വരുദ്ധമായാണ് നാളിതുവരെയും പ്രവര്‍ത്തിച്ചു വന്നത്.
അംഗീകൃത കായിക സംഘടനകളില്‍ നിന്നും സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികളുമാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വോട്ടവകാശമുള്ള അംഗങ്ങള്‍.
ഈ അംഗങ്ങളില്‍ നിന്നുമാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്, വൈസ്-പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള പ്രതിനിധി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നത്. 50 പഞ്ചായത്തുകളില്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റുമാരില്‍ നിന്നും 5 പേരേയും, 50ല്‍ താഴെ പഞ്ചായത്തുകള്‍ ഉള്ള ജില്ലകളില്‍ നിന്നും 3 പേരേയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ നിന്നും ഒരാളേയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരില്‍ നിന്നും ഒരാളേയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുക്കേണ്ടതുണ്ട്.
ജില്ലാ പഞ്ചായത്തു പ്രസിഡന്‍റും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായിരിക്കും. എന്നാല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ പ്രതിനിധികള്‍ ഇടതുപക്ഷത്തിനു ലഭ്യമാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാകാം തെരഞ്ഞെടുപ്പു സംബന്ധിച്ച് കൃത്യമായ അറിയിപ്പുപോലും മുനിസിപ്പാലിറ്റികള്‍ക്കു നല്‍കിയിരുന്നില്ല.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇതു സംബന്ധിച്ചു വിവരം തിരക്കിയപ്പോള്‍ 'സമയം കഴിഞ്ഞു പോയി' എന്ന നിഷേധാത്മക മറുപടിയാണ് ലഭിച്ചത്.
അര്‍ദ്ധ രാത്രിയില്‍ ആരോരുമറിയാതെ സ്പോര്‍ട്സ് കൗണ്‍സില്‍ ആഫീസ് തൊടുപുഴയില്‍ നിന്നും പറിച്ചെടുത്തു പൈനാവിലേക്കു കൊണ്ടുപോയ ആവേശം ജില്ലയിലെ കായിക മേഖല പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ അധികൃതര്‍ സ്വകരിച്ചില്ല എന്നത് ഖേദകരമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്പോര്‍ട്സ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 6ന് പൂര്‍ത്തിയായി കഴിഞ്ഞു.
20 മാസങ്ങള്‍ക്കു മുന്‍പു നടത്തേണ്ടിയിരുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനു മുന്‍പായി തിരക്കിട്ടു നടത്തുന്നത് ഒരു ഗൂഡ ലക്ഷ്യത്തോടെയാണ്.
അതായത് അടുത്ത 5 വര്‍ഷത്തേക്കുള്ള ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഡിസംബറില്‍ സ്ഥാനമെഴിയുന്ന പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊ ണ്ടാണ് നടത്തുന്നത്. ഇത് നിയമപരമാണോ. സര്‍ക്കാര്‍ ഉത്തരം നല്‍കണം.
ഇപ്പോള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റ് അഥവാ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്‍റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് എന്നിവര്‍ വീണ്ടും തല്‍സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ.
ഒരു ശതമാനം പോലും ഉറപ്പില്ലാത്തതിനാലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനു മുന്‍പായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ തെരഞ്ഞെടുപ്പു നടത്തുന്നതിന് വെമ്പല്‍ കൂട്ടുന്നത്.
അധികാരം പിടിച്ചടക്കുന്നതിനുവേണ്ടി നിയമ വിരുദ്ധമായി കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും കോടതിയും തിരിച്ചറിയണം. സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പിടിച്ചടക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 14ന് വിവിധ ജില്ലകളില്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പു നടപടികള്‍ കായിക മേഖലയുടെ രക്ഷയെ കരുതി അടിയന്തിരമായി നിറുത്തിവയ്ക്കണം.
കേരള കായിക മേഖലയുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ മെഡലുകള്‍ കൊയ്തു പേരും പ്രസിദ്ധിയും നേടിയ കേരളത്തില്‍ ഇന്ന് കായിക താരങ്ങളില്ല, കായികതാരങ്ങളെ സൃഷ്ടിച്ചെടുത്ത സ്പോര്‍ട്സ് സ്ക്കൂളുകളും, സ്പോര്‍ട്സ് ഹോസ്റ്റലുകളും നിറുത്തല്‍ ചെയ്തു.
പത്തോളം സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇടുക്കിയില്‍ തന്നെ ഇന്ന് പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ ഹോസ്റ്റലുകള്‍ മാത്രം. അതും വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. മറ്റു ജില്ലകളിലെ സ്ഥിതിയും ഇതുതന്നെ. ഗ്രാന്‍റു നല്‍കുന്നില്ല.
കായിക പരിശീലകരെ നിയമിക്കുന്നില്ല. കായിക സംഘടനകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തന ഗ്രാന്‍റില്ല. കായിക ഉപകരണങ്ങളില്ല, കോച്ചിംഗ് ക്യാമ്പില്ലാതെ, ടീമിനു യാത്രാബത്ത നല്‍കാതെ, ഭക്ഷണത്തിനു പണം നല്‍കാതെ , ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ പോകുന്നു. ഫലമൊ ഓവറോള്‍ വിജയികളായി ആരവങ്ങളോടെ ട്രോഫികളും മെഡലുകളുമായി തിരിച്ചെത്തുന്ന ടീമുകള്‍ ഇന്ന് ഓര്‍മ്മകളില്‍ മാത്രമായി. ഇന്ന് ഒന്നോ രണ്ടോ മെഡലുകള്‍ ലഭിച്ചാലായി. എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഇത് തിരിച്ചറിയാതെ പോകുന്നു.
വോളീബോളിന്‍റെ ഈറ്റില്ലമായിരുന്ന ഇടുക്കിയില്‍ നൂറിലേറെ വോളീബോള്‍ ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. ദേശീയ അന്തര്‍ദ്ദേശീയ ബോളീബോള്‍ താരങ്ങള്‍ ഇടുക്കിയില്‍ നിന്നും ജന്മമെടുത്തു.
അര ഡസനിലേറെ വേളീബോള്‍ പരിശീലകര്‍ ഉണ്ടായിരുന്ന ഇടുക്കിയില്‍ ഒരു വോളീബോള്‍ പരിശീലകന്‍ പോലമില്ല. ഇന്ന് ഇടുക്കിയില്‍ വോളീബോളിന്‍റെ അവസ്ഥ പരിതാപകരം എന്നെ പറയേണ്ടു. ഫുട്ബോളിന്‍റെ അവസ്ഥയും തഥൈവ. നിരവധി ദേശീയ അന്തര്‍ദ്ദേശീയ ഫുട്ബോള്‍ താരങ്ങളെ രാജ്യത്തിനു സമ്മാനിച്ച ജില്ലയാണ് ഇടുക്കി. മൂന്നാര്‍, കുമളി, വാഴത്തോപ്പ്, തൊടുപുഴ എന്നീ സ്ഥലങ്ങള്‍ ഫുട്ബോളിനെ നെഞ്ചിലേറ്റിയ മേഖലകളാണ്. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ മൂന്നാര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ഭക്ഷണത്തിനു പണം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ നിറുത്തുകയുണ്ടായി.
യാസിന്‍റെ വേര്‍പാടോടുകൂടി കുമളി നിശചലമായി. , വാഴത്തോപ്പ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ നിശ്ചലമായി. ആകെ ആശ്വാസം സ്വകാര്യ മേഖലയിലുള്ള തൊടുപുഴ സോക്കര്‍ സ്ക്കൂള്‍ മാത്രമാണ്.
സ്ക്കൂള്‍ ഗൗണ്ടുകള്‍ അടച്ചു പൂട്ടുകയും കായിക അദ്ധ്യാപകരുടെ നിയമനം നിറുത്തലാക്കുകയും ചെയതതു വഴി ഗ്രാമീണ തലത്തിലുള്ള കായിക പരിശീലനവും മുടങ്ങി. കായിക പരിശീലനത്തിലേര്‍പ്പെട്ടിരുന്ന കുട്ടികള്‍ മയക്കു മരുന്നിന്‍റെ ലോകത്തേക്ക് ആകൃഷ്ടരായി.
കായിക മേഖലയുടെ തകര്‍ച്ച വളര്‍ന്നു വരുന്ന പുതു തലമുറയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നു. കായികപരമായി ഉയര്‍ന്നാല്‍ മാത്രമെ ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയു. വൈകാതെ തിരിച്ചറിയണം.
തകര്‍ന്നുകൊണ്ടിരിക്കുന്ന കായിക മേഖലയെ എങ്ങനെയും രക്ഷപ്പെടുത്തുകയാണ് സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി ചെയ്യേണ്ടത്. രാഷ്ട്രീയമാകാം. എന്നാല്‍ ദയവു ചെയ്തു സ്പോര്‍ട്സില്‍ രാഷ്ട്രീയം കലര്‍ത്താതിരിക്കുക. . കായിക സംഘടനകളെ നിയമത്തിനു വിധേയമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക. കായിക സംഘടനകളുടെ തെരഞ്ഞെടുപ്പുകളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രാഷ്ട്രീയം കലര്‍ത്താതിരിക്കുക. കായിക അദ്ധ്യാപകരേയും, കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും രാഷ്ട്രീയത്തിനതിതമായി കാണുവാനും ചേര്‍ത്തു നിറുത്തുവാനും കഴിയുക. ഇത്രയുമെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞാല്‍ കായിക മേഖല കരുത്താര്‍ജ്ജിക്കും.