പുരസ്‌കാര വേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണനെ വിമര്‍ശിച്ചും ആസിഫ് അലിയെ അഭിവാദ്യം ചെയ്തും കെ.കെ. രമ എം.എല്‍.എ.
അവഹേളനം നേരിട്ട സന്ദര്‍ഭത്തിലും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് കെ.കെ. രമ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
''എം.ടി. വാസുദേവന്‍ നായരുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചില്‍ പ്രസിദ്ധ സംഗീതജ്ഞന്‍ രമേഷ് നാരായണന് ഉപഹാരം നല്‍കാനായി എത്തിയ ചലച്ചിത്രതാരം ആസിഫ് അലിയോട് രമേഷ് കാണിച്ച പ്രതികരണം ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ്.
കലയും സംസ്‌കാരവും സാഹിത്യവും എല്ലാം മനുഷ്യ നന്മകളുടെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ബാക്കിപത്രവും വിളംബരവുമാവേണ്ടതാണ്. ചരിത്രത്തിന്റെ ദുര്‍ഘടസന്ധികളില്‍ മനുഷ്യസങ്കടങ്ങളില്‍ മരുന്നാവുകയും അതിജീവനത്തില്‍ കരുത്താവുകയും ആനന്ദങ്ങളില്‍ കൂട്ടിയിരിക്കുകയും ചെയ്തവയാണ് കലയും സാഹിത്യവുമെല്ലാം.
എന്നാല്‍, അടിസ്ഥാനപരമായി ഫ്യൂഡലായ ആരാധനകളുടെയും അടിമനോഭാവങ്ങളുടെയും ആഘോഷങ്ങള്‍ ഇപ്പോഴും കലാരംഗത്ത് കാണാം. അതിന്റെ തുടര്‍ച്ചയിലാണ് തനിക്ക് പോരാത്തവനാണ് ആസിഫ് അലിയെന്ന് രമേഷ് നാരായാണന് തോന്നിയിട്ടുണ്ടാവുക.
ആധുനിക ജനാധിപത്യമൂല്യങ്ങള്‍ കലയുടെ മണ്ഡലത്തില്‍ കൂടി സമരം ചെയ്ത് സ്ഥാപിച്ചാലല്ലാതെ ഇത്തരം നീതികേടുകള്‍ അവസാനിക്കുകയില്ല. ഈ വിഷയത്തിലെ പോസിറ്റീവായ ഒരു കാര്യം അത്തരം ഒരു സംവാദ സാധ്യത അത് തുറന്നു എന്നതാണ്.
അതുകൊണ്ട് കൂടെയാണ് രമേഷ് നാരായണന്‍ ആസിഫിനോട് മാപ്പ് പറയാന്‍ തയ്യാറായത്. ആ വേദിയില്‍ താന്‍ നേരിട്ട അവഗണനയെക്കുറിച്ച് രമേഷും പറയുന്നത് കേട്ടു. അതും തിരുത്തപ്പെടേണ്ടതാണ്. പക്ഷേ അതിന്റെ ഇരയാകേണ്ടത് ആസിഫ് അലി എന്ന യുവനടനായിരുന്നില്ലെന്ന് രമേഷ് തിരിച്ചറിയണം. അവഹേളനം നേരിട്ട സന്ദര്‍ഭത്തിലും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അഭിനന്ദനമര്‍ഹിക്കുന്നു...''