കണ്ണൂര്‍: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് എന്‍സിപി ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആവശ്യം അറിയിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. എന്നാല്‍, ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കും തീരുമാനം.
പരസ്യപ്രസ്താവനയിലൂടെ വിവാദമുണ്ടാക്കാനില്ല. ശക്തമായി രാജ്യസഭാ സീറ്റ് ആവശ്യം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് മുന്നണിയാണ്. കിട്ടിയാലും കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ പ്രവര്‍ത്തിക്കും.
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് ആവശ്യം ഉന്നയിച്ചതായും അറിയില്ല. സിപിഎം എന്തെങ്കിലും ഉറപ്പ് നല്‍കിയെങ്കില്‍ ചോദിക്കേണ്ടത് സിപിഎമ്മിനോടാണ്. മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ്.
സോളാര്‍ സമരത്തില്‍ എല്ലാ ഘടകകക്ഷികളും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നത് എല്ലാ ഘടകകക്ഷികളും അറിഞ്ഞായിരിക്കണമെന്നില്ല. ശേഷം ഘടകകക്ഷികളെ അറിയിക്കും.
പിന്നീടാണ് തീരുമാനമെടുക്കുക. എല്ലാ സമരങ്ങളും ഒത്തുതീര്‍പ്പിലൂടെ തന്നെയാണ് അവസാനിക്കുന്നത്. ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും ഇടതുമുന്നണി നേടില്ല. എന്നാല്‍, അഭിമാനകരമായ തലയുയര്‍ത്തിപ്പിടിക്കാവുന്ന വിജയം ഉണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.