ഒട്ടകപ്പുറത്തെത്തി വരന്‍, റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു; അതിരുവിട്ട വിവാഹ ആഘോഷത്തില്‍ കേസ്

New Update
camel

കണ്ണൂര്‍ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരില്‍ വരനെതിരെ പൊലീസ് കേസെടുത്തു. വരന്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെയാണ് കേസ്.

Advertisment

ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്.

ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസ്സം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ചക്കരക്കല്‍ പൊലീസ് ആണ് കേസെടുത്തത്. 

പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം മാറ്റിയത്. ലാത്തി വീശി ആളുകളെ മാറ്റിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മതാചാര പ്രകാരം നടന്ന കല്യാണത്തിലെ ഇത്തരം അതിരുവിട്ട ആഘോഷങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവന്നു. കല്യാണം ആഭാസത്തിലേക്ക് പോകാന്‍ പാടില്ലെന്ന് പറഞ്ഞ് മഹല്ല് കമ്മിറ്റി വരന്റെ കുടുംബത്തെ താക്കീത് ചെയ്തതായാണ് വിവരം.

Advertisment