കണ്ണൂര്‍: വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. എത്രകാലം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.
ഹൈക്കോടതി അവസാനത്തെ കോടതിയല്ല. ഈ കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ താനും സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ വെടിവെച്ച ശേഷം ട്രെയിനില്‍ നിന്നും ചാടിയ വിക്രംചാലില്‍ ശശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. എന്നാല്‍ പരിക്കുപറ്റിയ ഇയാളെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോള്‍ തോക്ക് കണ്ടെത്തി. അതിനിടെ മറ്റൊരു ട്രെയിനില്‍ കയറി രക്ഷപ്പെട്ട മറ്റൊരു പ്രതിയെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് പിടികൂടി.
ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് തോക്ക് തന്ന് പറഞ്ഞുവിട്ടത് കെ സുധാകരനും മറ്റുമാണെന്ന് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരുന്നു. റെയില്‍വേ പൊലീസിന്റെ ആദ്യ എഫ്‌ഐആറില്‍ ഇതുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
വെടിവെച്ച വിക്രംചാലില്‍ ശശിയെയും പേട്ട ദിനേശനെയും തനിക്ക് അറിയില്ല. അവര്‍ക്ക് എന്നെയും അറിയില്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നില്ല. അവരെ വാടകയ്ക്ക് എടുത്തത് സുധാകരനും സംഘവുമാണ്.
തന്നെ വെടിവെച്ച അക്രമത്തിന് പിന്നിലെ ലക്ഷ്യം താനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പിണറായി ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.