കണ്ണൂർ: പത്മജയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ടതല്ലെന്നും കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റമാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് ആരൊക്കെ കൂടെയുണ്ടാകും എന്ന ഉറപ്പില്ലാത്തതിനാലാണ്.
കോൺഗ്രസിൽ നിന്ന് ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തതാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണം.
ഉന്നതരായ പല നേതാക്കളും ബിജെപിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇടതുപക്ഷത്തിനു മാത്രമേ ബിജെപിക്കെതിരെ പോരാടാൻ കഴിയൂ. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണ്. ഇടതുപക്ഷ വിരുദ്ധതയാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണം.
കോൺഗ്രസിന് മുഖ്യ ശത്രു ഇടതുപക്ഷമാണ്. ബിജെപിയോട് മൃദു സമീപനവും ഇടതുപക്ഷത്തോട് ശത്രുതയുമാണവർക്ക്. ജയിച്ചു വരുന്ന പല കോൺഗ്രസ് എംപിമാരും നേരെ ബിജെപിയിലേക്ക് പോകും. മുസ്ലിംലീഗ് ഇനിയെങ്കിലും ചിന്തിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.