കണ്ണൂര്‍: പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ചരിത്രപുരുഷന്‍മാര്‍ക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാര്‍ട്ടി ഇക്കാര്യം സ്വയം വിമര്‍ശനപരമായി പരിശോധിക്കുമെന്ന് ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവര്‍ നിങ്ങള്‍ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്.
ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള ഒരുപാട് പേരുണ്ട്. അതൊക്കെ ഒരു കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യകതയുള്ള ഇതിഹാസപുരുഷന്‍മാരാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരൊക്കെ അങ്ങനെയാണ്.
വ്യക്തി ആരാധനയ്ക്ക് കമ്യൂണിസ്റ്റുകാര്‍ എതിരാണ്. പക്ഷെ വ്യക്തിത്വത്തെ മാനിക്കാതിരിക്കുന്നില്ല. മഹാനായ ലെനിന്‍, ചെഗുവരേ ഉദാഹരണങ്ങളാണ്. പൊതുവെ ഇത്തരം കാര്യങ്ങള്‍ സ്വയം വിമര്‍ശനമായി പരിശോധിക്കാറുണ്ട്. ഇപ്പോള്‍ വരുന്ന കാര്യങ്ങളൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമര്‍ശനപരമായും സ്വയം വിമര്‍ശനമപരമായും പരിശോധിക്കും' ജയരാജന്‍ പറഞ്ഞു.