കണ്ണൂർ: കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂർ വിമാനത്താവളത്തോട് അനുബന്ധിച്ച് നിലവിൽവരും. ഇതിന് വേണ്ട ഭൂമി ഏർപ്പെടുത്തി കൊടുക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ടെന്ന് കണ്ണൂർ വിമാനത്താവള മാനേജ്‌മെന്റ് കിയാൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഈ എൽ ഡി എഫ് ഭരണം കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പായി തന്നെ പദ്ധ്വതി യാഥാർഥ്യമാക്കാനാണ് ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ നീക്കം.
ഹജ്ജ് - ന്യൂനപക്ഷ ക്ഷേമ - യുവജന - കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ അറിയിച്ചതാണ് ഇക്കാര്യങ്ങൾ. കണ്ണൂരിൽ ഹജ്ജ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകരുടെ യാത്രാ രേഖകളുടെ വിതരണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കണ്ണൂർ വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിൽ ഒരുക്കിയ ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഘാടന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ്റ് ആയതിന്റെ രണ്ടാം വർഷമായ ഇത്തവണ കൂടുതൽ തീർത്ഥാടകർ ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട്.
ആദ്യമെത്തിയ കണ്ണൂർ സിറ്റി സ്വദേശി മുസ്തഫയുടെ ഹെൽത്ത് രേഖയും ലഗ്ഗേജും സ്വീകരിച്ചുകൊണ്ട് വിമാനത്താവളം എം ഡി. സി ദിനേശ് കുമാർ തീർഥാടകരെ ഔദ്യാഗികമായി സ്വീകരിച്ചു. ക്യാമ്പ് കവാടത്തിൽ തക്ബീർ ധ്വനികളോടെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഖാദിമുതൽ ഹജ്ജാജിമാരും സംഘാടകസമിതി ഭാരവാഹികളും സ്വീകരിച്ചു.
ക്യാമ്പിൽ ജുമുഅ നിസ്‌കാരത്തിന് ജുനൈദ് സഅദി കടവത്തൂർ നേതൃത്വം നൽകി. പുലർച്ചെ 5.55നുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടത്. ഇവർ 8.50ന് ജിദ്ദയിലെത്തും.
കണ്ണൂരിൽ നിന്ന് 3164 പേരാണ് പരിശുദ്ധ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാർ കണ്ണൂർ വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണ്ണാടകയിൽ നിന്നും, 14 പേർ പോണ്ടിച്ചേരിയിലെ മാഹി മേഖലയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.
ജൂൺ മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക് 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്നുള്ള സ്ത്രീകളുടെ ഏക സർവീസായിരിക്കും. 361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്.
കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയിൽ നിന്നാണ്. ജൂലൈ പത്തിന് മദീനയിൽ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ഹാജ്ജാജികളുടെ ആദ്യ മടക്കവിമാനം ജൂലൈ പത്തിന് പലർച്ചെ 03.50 ന് പുറപ്പെട്ട് ഉച്ചക്ക് 12 ന് കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന് വൈകീട്ട് 03.10 ന്പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരെത്തും.