കണ്ണൂര്‍: തളിപ്പറമ്പ് പൂവത്ത് പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവം മഠത്തിലെ കന്യാസ്ത്രീ തൃശൂര്‍ സ്വദേശി സൗമ്യയാണ് മരിച്ചത്. പള്ളിയിലേക്കുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫഌവര്‍ പള്ളിയിലേക്ക് നടന്ന് പോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സെന്റ് മരിയാസ് (പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ചക്രങ്ങള്‍ സിസ്റ്ററിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മൂന്ന് മാസം മുമ്പാണ് തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍.