കണ്ണൂർ: പയ്യാമ്പലത്ത് ബീച്ചിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ യുവാക്കൾ പിടിയിൽ. വളപട്ടണം സ്വദേശി നിബ്രാസ്, തോട്ടട സ്വദേശി താഹ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൈസൂരു സ്വദേശിനിയായ വയോധികയുടെ മാലയാണ് പ്രതികൾ കവർന്നത്. വയോധികയുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിലേക്കെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാക്കൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പുറത്തറിയുന്നത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിലാണ് ഇവർ പയ്യാമ്പലത്തിൽ മോഷണം നടത്താൻ എത്തിയത്. മോഷണ കേസുൾപ്പെടെ 6 കേസുകളിൽ പ്രതിയാണ് നിബ്രാസ്. താഹയ്‌ക്കെതിരെ 9 കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.