Advertisment

ബിജെപി ഇല്ലാത്ത കേരളം കോൺഗ്രസ് ലക്ഷ്യം - എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
deepa das munshi

കണ്ണൂർ: വിദ്വേഷത്തിന്റെ പ്രചാരകരായ ബിജെപി ഇല്ലാത്ത കേരളമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

Advertisment

അക്രമ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാർ പിന്തുടരുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് സിപിഎമ്മിന്റെ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. താൻ ബംഗാളിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ്. സിപിഎമ്മിന്റെ അവസാന കാലഘട്ടത്തിൽ ബംഗാളിലും ഇങ്ങനെ തന്നെയാണ് പ്രവർത്തിച്ചതെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു. 

കോൺഗ്രസിനെ പിന്തുണ നൽകേണ്ടത് മുസ്ലിം ലീഗിന്റെ ധാർമിക ദൗത്യമാണെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് മുന്നവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭാരതത്തിന്റെ ബഹുസ്വരത നിലനിർത്തുന്നതിൽ കോൺഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന് ക്ഷതം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ് ശക്തിപ്പെടേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

samaragni kannur-2.

പ്രതീക്ഷയറ്റ മനുഷ്യരുടെ മനസ്സിൽ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിത്ത് പാകുകയാണ് സമരാഗ്നി യാത്രയുടെ ലക്ഷ്യമെന്ന് കെ. സുധാകരൻ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ പോലും ലഹരിയുടെ പിടിയിലാണ്. കുഞ്ഞുമക്കൾ പോലും ബലാൽസംഗം ചെയ്യപ്പെടുകയാണ്. പ്രതിസ്ഥാനത്ത് വരുന്നവരെല്ലാം ഭരണപക്ഷത്തെ ഇഷ്ടക്കാരാണ്. അതുകൊണ്ടുതന്നെ പോലീസ് നടപടി സ്വീകരിക്കുന്നില്ല. വാളയാറിലും വണ്ടിപ്പെരിയാറിലും  സംഭവിച്ചത് അതാണെന്ന് സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നയളായി മാറിയതായി വി.ഡി.സതീശൻ പറഞ്ഞു. തന്റെ മകൾ വീണ ഐടി കമ്പനി തുടങ്ങിയത് എൽപി സ്കൂൾ അധ്യാപികയായ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം കൊണ്ടാണെന്നാണ് പറഞ്ഞത്. വിരമിക്കുന്ന പണം കൊണ്ട്  100 കോടി രൂപ മുടക്കുമുതലുള്ള ഐടി കമ്പനി എല്ലാവരും തുടങ്ങിയാൽ കേരളം വിവരസാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്ന് സതീശൻ പരിഹസിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.കെ. ജയന്ത്, പി.എം. നിയാസ്, സോണി സെബാസ്റ്റ്യൻ, ദീപ്തി മേരി വർഗീസ്,എ.ബി. അബ്ദുൽ മുത്തലിഫ്, പഴകുളം മധു,മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Advertisment