/sathyam/media/media_files/ZOnPXChj3lKtJUFD7WO8.jpg)
കണ്ണൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പകരക്കാരനായി സ്ഥിരം സെക്രട്ടറിയെ നിയമിക്കേണ്ടെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ തീരുമാനം ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് ഇടയിൽ വലിയ ചർച്ചയാകുന്നു.
2019ലെ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതോടെ, പി. ജയരാജനെ തിടുക്കത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സംസ്ഥാന നേതൃത്വം എം.വി.ജയരാജൻെറ കാര്യത്തിൽ ആ തിടുക്കം കാണിക്കാത്തത് എന്താണെന്നാണ് പ്രവർത്തകരിൽ നിന്നുയരുന്ന ചോദ്യം. പി.ജയരാജൻെറ അനുയായികൾ ഇത് പരസ്പരം ചോദിച്ചു തുടങ്ങിയതോടെ ഈ ചോദ്യം ഇപ്പോൾ മലബാറിലെ പ്രവർത്തകരിലേക്ക് പടർന്നിട്ടുണ്ട്.
വിവേചനം വ്യക്തമാകുന്ന ഇപ്പോഴത്തെ നടപടിയിൽ പി.ജയരാജനും അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ അടുത്ത കാലത്ത് പി.ജെ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിൽ ആയതിനാൽ പാർട്ടി ഫോറങ്ങളിൽ പോലും പ്രതികരിക്കാതെ മാറിനിൽക്കുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് അദ്ദേഹത്തെ വടകരയിൽ മത്സരിപ്പിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വിവേചനം പിജെ യോട് മാത്രം
മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന നേതൃത്വത്തിനും അനഭിമതനായത് കൊണ്ടാണ് അന്ന് പി.ജയരാജനെ വേഗത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എം.വി. ജയരാജനെ സ്ഥിരം ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ പി.ജയരാജനെ പോലെ തന്നെ കോട്ടയം മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ച വി.എൻ.വാസവനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നില്ല. കോട്ടയത്ത് തിരഞ്ഞെടുപ്പ് വരെ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മാത്രമാണ് കൈമാറിയത്.
അപ്പോൾ തന്നെ പി.ജയരാജനോടുളള വിവേചനം വ്യക്തമായിരുന്നു. ജില്ലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ പി. ജയരാജൻെറ ജനപ്രീതിയും സ്വാധീനവും വർദ്ധിച്ചതും പൊലീസുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മുഖ്യമന്ത്രി ഭരിക്കുന്ന അഭ്യന്തര വകുപ്പിന് എതിരെ വിമർശനം ഉന്നയിച്ചതുമാണ് ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്.
പയ്യന്നൂർ ധനരാജ് വധത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻെറ വരാന്തയിൽ മൈക്ക് വെച്ച് പ്രസംഗിച്ച സംഭവത്തിൽ പി. ജയരാജനെ സംസ്ഥാന കമ്മിറ്റി ശാസിച്ചിരുന്നു. പിന്നീട് ഗാനശിൽപ്പത്തിൻെറ പേരിൽ വ്യക്തിപൂജ ആരോപണവും ഉയർത്തി. ഇതിലും പി. ജയരാജനെ താക്കീത് ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരം നടപടികളെല്ലാം സ്വീകരിച്ചിട്ടും പി.ജയരാജൻെറ ജില്ലയിലെ സ്വാധീനം ഇടിയ്കാൻ കഴിയാതെ വന്നപ്പോഴാണ് വടകരയിൽ സ്ഥാനാർത്ഥിയാക്കി കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്ഥിരമായി നീക്കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ശേഷം നടന്ന എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല.
ഇപിയെ പ്രതിക്കൂട്ടിലാക്കി അഭിമതനായി
പിന്നീട് ഇ.പി.ജയരാജന് എതിരെ സംസ്ഥാന കമ്മിറ്റിയിൽ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയർത്തിയതിന് ശേഷമാണ് പി.ജയരാജൻ വീണ്ടും മുഖ്യമന്ത്രിയുമായി അടുത്തത്. എം.വി. ജയരാജനെ ലോകസഭയിലേക്ക് മത്സരിപ്പിക്കുന്നതിന് പിന്നിലും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയെന്ന അജണ്ടയുണ്ടെന്നാണ് ജില്ലയിലെ പാർട്ടിക്കുളളിലെ അടക്കം പറച്ചിൽ.
ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം.വി. ജയരാജൻെറ പ്രകടനത്തിൽ സംസ്ഥാന നേതൃത്വത്തിന് വലിയ തൃപ്തിയില്ല. രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാതായി എന്നതൊഴിച്ചാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം.വി. ജയരാജന് കാര്യമായ നേട്ടമൊന്നും അവകാശപ്പെടാനില്ല.
കണ്ണൂരിലെ ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തകരെ ആവേശം കൊളളിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം ചില സംഘടനാ വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ പരാതികളുമുണ്ട്. ഇതെല്ലാമാണ് എം.വി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത് പരിഗണിക്കാൻ കാരണം.
രാജേഷിനെ വെട്ടി രാഗേഷ് വരും
ലോകസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഉടൻ ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കും. പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിഅംഗവുമായ കെ.കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കും.
എം.വി.ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് ജില്ലാ സെക്രട്ടറിയുടെ ചുമതലയേൽക്കുന്നത്. ടി.വി.രാജേഷിനെ പോലെയുളള സീനിയർ നേതാക്കളെ തഴഞ്ഞാണ് കെ.കെ. രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.