/sathyam/media/media_files/OZMrctPMr0CuFYJxUKUa.jpg)
കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ അതിതീവ്ര മഴയ്ക്ക് നേരിയ ശമനം വന്നു. എന്നാൽ മിക്കയിടത്തും ജനങ്ങൾ ദുരിതത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. ഇവരെ ദുരിദാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തളിപ്പറമ്പ് ഇരട്ടി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇരിക്കൂർ പാലം സൈറ്റിലെ പെട്രോൾ പമ്പിനോട് ചേർന്ന് 40 മീറ്ററോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് വീണു. ഇവിടെ ഇനിയും മണ്ണിടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനിടെ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽപ്പെട്ടു. പാനൂരിൽ ആണ് കെഎസ്ഇബി ജീപ്പ് മുങ്ങിയത്. ജീപ്പിൽ കുടുങ്ങിയ രണ്ട് പേരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ജീപ്പ് ഡ്രൈവർ നീന്തി രക്ഷപ്പെട്ടു.
ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ കൈക്കുഞ്ഞടക്കമുള്ള കുടുംബത്തെ ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു. തേജസ്വനി പുഴ കരകവിഞ്ഞതോടെയാണ് കുടുംബം തുരുത്തിൽ കുടുങ്ങിയത്.
കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പഴശ്ശി ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ വളപട്ടണം പുഴയിലെ ജലനിരപ്പ് ഉയർന്നു.