/sathyam/media/media_files/MF2oACxlLKZGR5btw03k.jpg)
കണ്ണൂർ: കണ്ണൂരിൽ പാറക്കണ്ടിയിൽ ട്രെയിനിന് കല്ലെറിയാൻ എത്തുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നേത്രാവതി എക്സ് പ്രസ്സിനും, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ് പ്രസ്സിനും കല്ലെറിഞ്ഞ ഒഡീഷ സ്വദേശി സർവേഷ് റെയിൽ പാളത്തിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. സമാനമായ മറ്റു സംഭവങ്ങളിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് ആർപിഎഫും, പൊലീസും പരിശോധിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ പാറക്കണ്ടിയിൽ നേത്രാവതി എക്സ് പ്രസ്സിനും, ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ് പ്രസ്സിനും നേരെ കല്ലേറുണ്ടായത്. രാത്രി 7.11 നും 7.16 നും ഇടയിലായിരുന്നു സംഭവം. ഇതിന് തൊട്ടു മുൻപ് പ്രതി സർവേഷ് പാറക്കണ്ടിയിലെ റെയിൽവേ ട്രാക്കിലേക്ക് നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 200 ലേറെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ കുറ്റ സമ്മതത്തിന് പുറമെ ഈ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് പ്രധാന തെളിവാകും. മദ്യ ലഹരിയിലാണ് കുറ്റം ചെയ്തതെന്ന് പ്രതി പൊലീസിനും, ആർപിഎഫിനും മൊഴി നൽകിയിട്ടുണ്ടെങ്കിലും എല്ലാ സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പത്തു വർഷമായി കേരളത്തിലുള്ള ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണ സംഘം വൈകാതെ ഒഡീഷയിലേക്ക് പോകും. ഇതിനുപുറമെ കാസർകോട് കോട്ടിക്കുളത്ത് കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ ക്ലോസെറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് അട്ടിമറി ശ്രമമാണെന്നാണ് ആർപിഎഫിന്റെ നിഗമനം. വടകരയിൽ വന്ദേ ഭാരതിന് നേരെയുണ്ടായ കല്ലേറിലും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.