/sathyam/media/media_files/2025/12/19/knr-2025-12-19-12-59-17.jpg)
കണ്ണൂർ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്‍റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്.
വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്‍റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്‍റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു.
അപ്പോഴും വീടിന്‍റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം.
കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us