കണ്ണൂര്‍: തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ട് മന്ത്രവാദ ചടങ്ങുകള്‍ നടക്കുന്നുവെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രം.
ക്ഷേത്രപരിസരത്ത് മൃഗബലി ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് വ്യാഴാഴ്ച ശിവകുമാര്‍ ആരോപിച്ചിരുന്നു. ഈ ആചാരങ്ങള്‍ നടത്തുന്നവരെ കുറിച്ച് തനിക്ക് അറിവുണ്ടെന്ന് ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു.
മന്ത്രവാദ ചടങ്ങുകള്‍ എനിക്കും മുഖ്യമന്ത്രിക്കും എതിരെയാണ് ചെയ്യുന്നത്. കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനായി 'ശത്രു ഭൈരവി യാഗം' നടത്തുന്നുണ്ട്. 'പഞ്ചബലി' സമര്‍പ്പിക്കുന്നു. ചുവന്ന ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി.
ശിവകുമാറിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച ക്ഷേത്രം ബോര്‍ഡ് ട്രസ്റ്റി മാധവന്‍ ക്ഷേത്രത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു.
രാജരാജേശ്വര ക്ഷേത്രത്തില്‍ അങ്ങനെ ഒരു പൂജയും നടക്കുന്നില്ല. ഡി കെ ശിവകുമാര്‍ അവകാശപ്പെടുന്നത് പോലെ ആട്, പോത്ത് തുടങ്ങിയ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന സ്ഥലങ്ങള്‍ അടുത്തില്ല.
അത്തരത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തനം ഇല്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ അതിനെക്കുറിച്ച് പരിശോധിച്ചു. പുറംലോകം അറിയാതെ ഇത്തരമൊരു പൂജ നടത്താനാകില്ലെന്നും മാധവന്‍ പറഞ്ഞു.