കണ്ണൂർ: കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത എംപിമാർ പാർലമെന്റിൽ നിശബ്ദരായിരുന്നുവെന്ന് കെ കെ ശൈലജ. എൽഡിഎഫ് എംപിമാർ എണ്ണത്തിൽ കുറവായിരുന്നെങ്കിലും മികച്ച ഇടപെടൽ നടത്തി. ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. എതിരാളി ആരായാലും കുഴപ്പമില്ലെന്ന് ശൈലജ വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കളുടെ മക്കൾ പോലും ബിജെപിയിലേക്ക് മാറി. എ കെ ആന്റണിയുടെ മകൻ ആദ്യം പോയി. ഇപ്പോൾ കെ കരുണാകരന്റെ മകൾ ബിജെപിയിലേക്ക് പോയി. ആരാണ് ബിജെപിയിലേക്ക് പോവുക എന്ന് അറിയാത്ത അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിൽ.
കേരളത്തിലെ വിഷയങ്ങൾ കേന്ദ്രത്തെ അറിയിക്കുന്നതിൽ ഇവിടുത്തെ കോൺഗ്രസ് എംപിമാർ നിശബ്ദരായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഉന്നയിക്കേണ്ട ഘട്ടത്തിൽ എംപിമാർ നിഷ്ക്രിയരായിരുന്നു.
എന്നാൽ ഒരു എംപി മാത്രമാണ് കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത് എന്നിരുന്നിട്ടും പാർലമെന്റിൽ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തി. കേരളത്തിലേത് പോലെ മതേതരത്വം നിലനിർത്തുന്നതിന് ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തുമെന്ന് തന്നെയാണ് കരുതുന്നത്.
മന്ത്രിയായിരിക്കെ ഏൽപ്പിച്ച ചുമതല കൃത്യമായി നിർവ്വഹിച്ചു. പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ മന്ത്രി എന്ന നിലയിൽ വേണ്ടത് പ്രവർത്തിച്ചു. നിപ അടക്കമുള്ളവ ബാധിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ ആരോഗ്യമേഖലയെ സജ്ജമാക്കേണ്ടിയിരുന്നു.
ചുമതല നൽകിയ മേഖലയിൽ ടീം ആയി പ്രവത്തിച്ചു. ആരോഗ്യ വകുപ്പ് മാത്രമല്ല എല്ലാ വകുപ്പുകളും സഹായിച്ചു. നിപ സമയത്ത്, ആരോഗ്യമന്ത്രി എന്ന നിലയിൽ ആ സ്ഥലത്ത് വന്ന് താമസിച്ചു. അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രിയായ ടിപി രാമകൃഷ്ണൻ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പമുണ്ടായിരുന്നു.
ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ കൂടി പിന്തുണ നേടി ഒരു പ്രശ്നത്തെ ഏങ്ങനെ നേരിടാമെന്ന് കാണിച്ചുകൊടുക്കാനായെന്നും കെ കെ ശൈലജ പറഞ്ഞു.